ദക്ഷിണാഫ്രിക്കന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി എയ്ഡന്‍ മാര്‍ക്രം

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി എയ്ഡര്‍ മാര്‍ക്രത്തെ നിയമയിച്ചു. കഴിഞ്ഞ മാസം തെംബ ബവൂമ സ്ഥാനമൊഴിഞ്ഞിരുന്നു. ബവൂമയ്ക്ക് പകരമായിട്ടാണ് മാര്‍ക്രം വരുന്നത്. എന്നാല്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ബവൂമ തുടരും. ടെസ്റ്റ് ടീമിനേയും നയിക്കുന്നത് ബവൂമയാണ്. ഈ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന പരമ്പരയിലാണ് മാര്‍ക്രം ക്യാപ്റ്റനായി അരങ്ങേറുക. ആദ്യമായിട്ടില്ല, മാര്‍ക്രം ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ക്യാപ്റ്റനാവുന്നത്.

2014 അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ ദക്ഷിണാഫ്രിക്കയെ കിരീടത്തിലേക്ക് നയിക്കാന്‍ മാര്‍ക്രമിനായിരുന്നു. പ്രഥമ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനെ കിരീടത്തിലേക്ക് നയിച്ചതും മാര്‍ക്രം തന്നെ. അതേസമയം ടി20 ടീമില്‍ നിന്ന് ബവൂമയെ ഒഴിവാക്കി. സിസാന്ദ മഗാല, ബോണ്‍ ഫോര്‍ട്വിന്‍ എന്നിവര്‍ ടീമിലെത്തി. മുന്‍ താരം ജെ പി ഡുമിനിയെ ദക്ഷിണാഫ്രിക്കയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ മുഴുവന്‍ സമയ ബാറ്റിംഗ് കോച്ചായും നിയമിച്ചിട്ടുണ്ട്.

അടുത്തിടെ ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായും മാര്‍ക്രമിനെ നിയമിച്ചിരുന്നു. മാര്‍ക്രത്തിനൊപ്പം ഭുവനേശ്വര്‍, മായങ്ക് അഗര്‍വാള്‍ എന്നിവരേയും നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ പരിശീലകന്‍ ബ്രയാന്‍ ലാറയുടെ നേതൃത്വത്തുള്ള ടീം മാനേജ്മെന്റ് മാര്‍ക്രത്തെ ഉറപ്പിക്കുകയായിരുന്നു. പ്രഥമ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ മാര്‍ക്രമിനായിരുന്നു. മാത്രമല്ല ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാന്‍ മാര്‍ക്രമിനായി. പാര്‍ട്ട് ടൈം ഓഫ് സ്പിന്നറായ മാര്‍ക്രം 11 വിക്കറ്റുകള്‍ നേടിയിരുന്നു. അതൊടൊപ്പം 369 റണ്‍സും നേടി. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. 127 സ്ട്രൈക്കറ്റ് റേറ്റിലായിരുന്നു താരം ബാറ്റേന്തിയിരുന്നത്.

2022 ഐപിഎല്‍ താരലേലത്തിലാണ് മാര്‍ക്രം ഹൈദരാബാദിലെത്തുന്നത്. 2.6 കോടിക്കാണ് താരത്തെ ടീമിലെത്തിച്ചത്. ആ സീസണില്‍ 12 ഇന്നിംഗ്സുകള്‍ ഹൈദരാബാദ് ജേഴ്സിയില്‍ കളിച്ചു. 47.62 ശരാശരയില്‍ 381 റണ്‍സാണ് മാര്‍ക്രം നേടിയത്. 139.05 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.

Top