എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടില്ലെന്ന് സര്‍ക്കാര്‍

school

തിരുവനന്തപുരം : എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തനായ എം.കെ സലീമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനം പി.എസ്.സിക്ക് വിടുക എന്നത് ഒരു നയപരമായ കാര്യമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ അത് ഉദ്ദേശിക്കുന്നില്ല. അതിനാല്‍ തന്നെ അതിന് വേട്ടി കേരള വിദ്യാഭ്യാസ നിയമത്തിലോ ചട്ടത്തിലോ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് അധ്യാപകരുടെ നിയമനവും പി.എസ്.സിക്ക് വിടണമെന്നായിരുന്നു എം.കെ സലീം സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച ഹരജിയില്‍ മറുപടി നല്‍കാതെ സര്‍ക്കാര്‍ വൈകിപ്പിച്ചു. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കോടതി ആവശ്യപ്പെട്ടതിന് തുടര്‍ന്നാണ് ബുധനാഴ്ച സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Top