aided medical admission ; management-fight

doctors

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാനേജ്‌മെന്റുകള്‍ക്കുള്ളില്‍ ഭിന്നത ഉടലെടുത്തതോടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന ചര്‍ച്ച മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മാനേജ്‌മെന്റുകള്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി.

സര്‍ക്കാരിന് നല്‍കുന്ന 50 ശതമാനം മെറിറ്റ് സീറ്റില്‍ 30 ശതമാനം സീറ്റിലെ ഫീസിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ മനേജ്‌മെന്റുകളുമായി ഇന്നലെ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

മുപ്പത് ശതമാനം സീറ്റില്‍ മാനേജ്‌മെന്റ് ഫീസായ 12.5 ലക്ഷം രൂപ തന്നെ വേണമെന്ന് മാനേജ്‌മെന്റുകള്‍ വാദിച്ചെങ്കിലും അത് പറ്റില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

ഫീസിന്റെ കാര്യത്തില്‍ രണ്ടു നീതി പാടില്ലെന്നാണ് മാനേജ്‌മെന്റിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മെറിറ്റ് സീറ്റില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഈടാക്കുന്ന ഫീസായ 4.40 ലക്ഷം രൂപ വാങ്ങാന്‍ എല്ലാ മാനേജ്‌മെന്റുകളേയും അനുവദിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു.

എന്നാല്‍, മെറിറ്റ് സീറ്റില്‍ 2.50 ലക്ഷമേ വാങ്ങാവൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. മാനേജ്‌മെന്റുകള്‍ 12.5 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് 4.40 ലക്ഷം എന്ന നിലയിലേക്ക് മാറുകയായിരുന്നു.

30 ശതമാനം മെറിറ്റ് സീറ്റില്‍ 3.30 ലക്ഷം രൂപ വേണമെന്ന നിലപാടില്‍ നിന്ന് ഡെന്റല്‍ മാനേജ്‌മെന്റുകള്‍ മൂന്ന് ലക്ഷത്തിലേക്കും വന്നു. എന്നാല്‍, അത് പറ്റില്ലെന്നും 2. 40 ലക്ഷം രൂപയായി നിശ്ചയിക്കാമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.

Top