2 ബന്ദികളെ ഹമാസ് വിട്ടയച്ചു; റഫാ അതിര്‍ത്തി വഴി സഹായവിതരണം പുനരാരംഭിച്ചു

ജറുസലം: ഗാസയില്‍ ജീവകാരുണ്യ സഹായം എത്തിത്തുടങ്ങിയെങ്കിലും യുദ്ധത്തിന്റെ ഭീകരത തുടരുന്നു. ഇസ്രയേലില്‍ നിന്നു ബന്ദികളായി പിടികൂടിയവരില്‍ യുഎസില്‍ നിന്നുള്ള ജൂഡിത്ത് റാനന്‍ (59), മകള്‍ നതാലി (17) എന്നിവരെ ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്നു ഹമാസ് വിട്ടയച്ചു. ഇതിന് പിന്നാലെയാണ് റഫാ അതിര്‍ത്തി വഴി സഹായവിതരണം പുനരാരംഭിച്ചത്.

ഇന്നലെയും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നു. വീടുകള്‍ക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 50 പേര്‍ കൂടി കൊല്ലപ്പെട്ടു. പിന്നാലെ ടെല്‍ അവീവ് ലക്ഷ്യമാക്കി ഹമാസിന്റെ റോക്കറ്റാക്രമണവുമുണ്ടായി.

മരുന്നും ശുദ്ധജലവും ഭക്ഷ്യസാധനങ്ങളുമായി 20 ട്രക്കുകളാണ് ഈജിപ്ത് തുറന്നുകൊടുത്ത റഫാ അതിര്‍ത്തി വഴി ഗാസയിലെത്തിയത്. യുഎസും ഇസ്രയേലും മുന്നോട്ടുവച്ച പരിശോധനാ വ്യവസ്ഥകള്‍ പാലിച്ചാണു ട്രക്കുകള്‍ അതിര്‍ത്തി കടന്നത്. സഹായം തെക്കന്‍ ഗാസയിലേക്കു മാത്രമാണെന്ന ഇസ്രയേല്‍ നിലപാടും പ്രതിസന്ധി സൃഷ്ടിക്കുന്നു. വടക്കന്‍ ഗാസയില്‍ വീടു വിടാതെ തുടരുന്നവര്‍ ഇപ്പോഴുമുണ്ട്.

എന്നാല്‍ ഭക്ഷണവും വെള്ളവും മരുന്നും ഇന്ധനവുമില്ലാതെ വലയുന്ന 23 ലക്ഷം ജനങ്ങള്‍ക്ക് 20 ട്രക്ക് സഹായം തീര്‍ത്തും അപര്യാപ്തം. സംഘര്‍ഷത്തിനു മുന്‍പ് പ്രതിദിനം 450 ട്രക്ക് സഹായമെത്തിയിരുന്നു. ഇന്ധനമില്ലാതെ 14 ആശുപത്രികള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായും പ്രതിദിനം 100 ട്രക്ക് സഹായമെങ്കിലുമില്ലാതെ ഗാസയ്ക്ക് അതിജീവനം അസാധ്യമാണെന്നും യുഎന്‍ വ്യക്തമാക്കി. ശുദ്ധജല ദൗര്‍ലഭ്യം മൂലം കോളറ- പകര്‍ച്ചവ്യാധി ഭീഷണിയും രൂക്ഷമാണ്.

Top