ശബരിമലയിലെ അനിഷ്ടസംഭവങ്ങളുടെ ഉത്തരവാദി സര്‍ക്കാര്‍: കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ വിശ്വാസികളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി ഒന്നും സംഭവിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. നവോത്ഥാന സമിതി തുടരണോയെന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കണം.

കഴിഞ്ഞ മണ്ഡലകാലത്ത് നടന്ന അനിഷ്ട സംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. റഫാലില്‍ നിയമ പോരാട്ടം തുടരുമെന്നും ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി ഇക്കാര്യം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് പിന്നോട്ടില്ലെന്നും കെ. സി വേണുഗോപാല്‍ പറഞ്ഞു.

വിശ്വാസ സംരക്ഷണം സംബന്ധിച്ച ഏഴ് കാര്യങ്ങളില്‍ വിശാല ബെഞ്ചിന്റെ തീരുമാനം വന്നിട്ട് മതി ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ തീര്‍പ്പെന്നാണ് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. തുടര്‍ന്ന് നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ലെങ്കിലും അന്തിമ വിധി വന്ന ശേഷം മതി യുവതീപ്രവേശനം എന്ന നിലപാടിലാണ് സര്‍ക്കാരും സിപിഎമ്മും എത്തിയിരിക്കുന്നത്.

പുനപരിശോധന ഹര്‍ജികളില്‍ തീര്‍പ്പ് വൈകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. അന്തിമ വിധി വരുന്നത് വരെ മുന്‍പത്തെ സ്ഥിതി തുടരുന്നതാകും ഉചിതമെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് മേത്തയാണ് നിയമോപദേശം നല്‍കിയത്.

Top