രാജസ്ഥാനില്‍ കോണ്‍ഗ്രസിന് പുതിയ നേതൃത്വം; ഗെലോട്ടിനെ നീക്കുമെന്ന് എഐസിസി

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗലോട്ടിനെ നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്ന് എഐസിസി. പുതിയ നിയമസഭ കക്ഷി നേതാവിനെ നിയമിക്കുമെന്നും എഐസിസി നേതൃത്വം അറിയിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇന്നലെ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാനിലും കോണ്‍ഗ്രസ് മാറ്റത്തിനുള്ള തീരുമാനമെടുത്തിരിക്കുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസിനേറ്റത് അപ്രതീക്ഷിത തോല്‍വിയായിരുന്നു. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ നിരന്തരമുള്ള വാഗ്ദ്വാദങ്ങളാണ് രാജസ്ഥാനിലെ തോല്‍വിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മയാണ് ബിജെപിയുടെ മുഖ്യമന്ത്രി. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും ബിജെപി നേതൃത്വം ഇത് ചെവിക്കൊണ്ടില്ല. വസുന്ധരയെ ദില്ലിക്ക് വിളിപ്പിച്ച് അനുനയ നീക്കത്തിലൂടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയായിരുന്നു. വസുന്ധര തന്നെയാണ് മുഖ്യമന്ത്രിയായി ഭജന്‍ലാലിന്റെ പേര് പ്രഖ്യാപിച്ചത്.

Top