പിസി ചാക്കോ രാജിവെച്ചു; കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംപൂജ്യര്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തിലെയില്ലായിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ പ്രമുഖര്‍ ജയിച്ചു കയറിയപ്പോള്‍ കോണ്‍ഗ്രസിലെ പ്രമുഖര്‍ പരാജയം രുചിച്ചു. ഏറെ പ്രതീക്ഷയോടെ മല്‍സരിച്ച കോണ്‍ഗ്രസിന്റെ 63 സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച തുകയും നഷ്ടമായി. ഇപ്പോഴിതാ കനത്ത തോല്‍വിക്ക് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ സ്ഥാനത്ത് നിന്ന് രാജിവെച്ചു.പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് പി.സി.ചാക്കോ രാജിക്കത്ത് കൈമാറി.

ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013-ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിക്കുന്നതെന്ന് രാജിവെക്കുന്നതിന് മുമ്പായി പി.സി.ചാക്കോ പറഞ്ഞു. ‘എഎപി കടന്ന് വന്നതോടെ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിനെ മുഴുവന്‍ അപഹരിച്ചു. അതൊരിക്കലും തിരികെ ലഭിക്കില്ല. അത് എ.എ.പിയില്‍ തന്നെ തുടരുകയാണ്’ ചാക്കോ പറഞ്ഞു.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് ഡല്‍ഹി പി.സി.സി.അധ്യക്ഷന്‍ സുഭാഷ് ചോപ്ര ഫലപ്രഖ്യാപനത്തിന് പിന്നാലെ രാജിവെച്ചിരുന്നു.

‘ജനവിധി മാനിക്കുന്നു. ഇനിയും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. തോല്‍വിയും വിജയവും തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ഞങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്’ -എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇത് രണ്ടാം തവണയാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങുന്നത്.തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് സംപൂജ്യരായിരുന്നു. 2015-ലും കോണ്‍ഗ്രസിന് സമാന അവസ്ഥയായിരുന്നു. 2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. 1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല.

Top