നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി എഐസിസി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ മുന്നൊരുക്കം എഐസിസി ഏറ്റെടുത്തു. ഓരോ മണ്ഡലത്തിലെയും സ്ഥിതി മനസ്സിലാക്കുന്ന പ്രക്രിയ കേന്ദ്ര നേതൃത്വം 7ന് കോഴിക്കോട്ട് തുടങ്ങും. ഇതിനായി 2016ലെ തിരഞ്ഞെടുപ്പിൽ ജയിച്ചതും തോറ്റതുമായ നേതാക്കളുടെ മേഖലാതല യോഗം വിളിച്ചു ചേർത്തു.മലബാറിലെ 5 ജില്ലകളിലെ അറുപതോളം മണ്ഡലങ്ങളിലെ അനുഭവങ്ങളാണ് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുന്നത്. ഇതിനു തുടർച്ചയായി മധ്യ, തെക്കൻ മേഖലാ യോഗങ്ങളും ചേരും.

എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ എന്നിവരെ കൂടാതെയാണ് 2016ൽ പരാജയപ്പെട്ടവരെയും വിളിക്കുന്നത്. സാഹചര്യം അവലോകനം ചെയ്യും, ഉച്ചയ്ക്കു ശേഷം ഓരോരുത്തരെയും എഐസിസി സംഘം പ്രത്യേകം കാണും. എഐസിസി ചില നിർദേശങ്ങളുമായാണു പ്രതിനിധികളെ അയയ്ക്കുന്നതെന്നു നേതാക്കൾ പറഞ്ഞു. ജനപ്രതിനിധികൾ ഡിസിസി അധ്യക്ഷ പദം വഹിക്കുന്ന എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡന്റുമാർ വരും. തദ്ദേശ തിരഞ്ഞെടുപ്പിൽ തീർത്തും നിറംകെട്ട ഡിസിസികളിലും മാറ്റം ഉണ്ടാകും.

Top