ബി.ജെ.പിക്കും കോൺഗ്രസ്സിനും പിന്നാലെ കേന്ദ്രത്തിൽ മൂന്നാം ശക്തി ആരാകും ?

രാകും കേന്ദ്രത്തിലെ മൂന്നാം കക്ഷി ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ തേടുന്നത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ ബിജെപിയും കോണ്‍ഗ്രസും പങ്കിട്ടെടുക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല. എന്നാല്‍ മൂന്നാംകക്ഷിയുടെ കാര്യം അങ്ങനെയല്ല.അത് പ്രവചനാതീതമാണ്.

2014 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ മൂന്നാം കക്ഷിയായി ഞെട്ടിച്ചത് അണ്ണാ ഡി.എം.കെയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള 39 ലോകസഭ സീറ്റുകളില്‍ 37 ഉം തൂത്ത് വാരിയാണ് ലോക്‌സഭയില്‍ ജയലളിതയുടെ പാര്‍ട്ടി ചരിത്രമെഴുതിയിരുന്നത്.

ഈ തിരഞ്ഞെടുപ്പിലും അണ്ണാ ഡി.എം.കെ പഴയ വിജയം ആവര്‍ത്തിക്കുമെന്ന് ആ പാര്‍ട്ടിയിലെ നേതാക്കള്‍ പോലും അവകാശപ്പെടുന്നില്ല. ജയലളിതയുടെ മരണത്തോടെ ത്രിശങ്കുവിലായ അണ്ണാ ഡി.എം.കെ ഘടകകക്ഷികള്‍ക്ക് വിട്ടു നല്‍കിയ സീറ്റുകള്‍ പരിശോധിച്ചാല്‍ തന്നെ നേതൃത്വത്തിന്റെ ദയനീയത വ്യക്തമാകും.

20 സീറ്റില്‍ മാത്രമാണ് അണ്ണാഡിഎംകെ മത്സരിക്കുന്നത് . ബി.ജെ.പി 5, പാട്ടാളി മക്കള്‍ കക്ഷി 7, നടന്‍ വിജയകാന്തിന്റെ ഡിഎംഡികെ 4, പുതിയ നീതി കക്ഷി 1, തമിഴ് മാനില കോണ്‍ഗ്രസ്സ് 1, പുതിയ തമിഴകം 1. . . തുടങ്ങി ഘടകകക്ഷികള്‍ക്ക് മാത്രമായി 19 സീറ്റുകളാണ് അണ്ണാ ഡി.എം.കെ വിട്ടു കൊടുത്തിരിക്കുന്നത്. മത്സരിക്കുന്ന സീറ്റില്‍ എത്ര എണ്ണത്തില്‍ വിജയിക്കുമെന്ന് ചോദിച്ചാല്‍ അതിന് പോലും അണ്ണാ ഡി.എം.കെ നേതൃത്വത്തിന് വ്യക്തമായ മറുപടിയില്ല എന്നതും യാഥര്‍ത്ഥ്യമാണ്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭ സീറ്റുകളില്‍ വിജയം ഉറപ്പിച്ചില്ലെങ്കില്‍ സംസ്ഥാന ഭരണം താഴെ പോകുമെന്ന് കണ്ടാണ് പരമാവധി ഘടകക്ഷികളെ ഒപ്പം കൂട്ടാന്‍ അണ്ണാ ഡി.എം.കെ നിര്‍ബന്ധിക്കപ്പെട്ടത്. ലോക്‌സഭയില്‍ എത്ര സീറ്റ് കിട്ടുമെന്നതിലല്ല, നിയമസഭ സീറ്റുകള്‍ എത്ര ലഭിക്കുമെന്നതിലാണ് അണ്ണാ ഡി.എം.കെ നേതൃത്വത്തിന്റെ ആശങ്ക മുഴുവന്‍.

പൊതുവെ ഡി.എം.കെ സഖ്യം തമിഴകം തൂത്തുവാരുമെന്നാണ് അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന സൂചന.39- ല്‍ 20 സീറ്റുകളിലാണ് പ്രധാനപ്രതിപക്ഷമായ ഡി.എം.കെയും മത്സരിക്കുന്നത്.ഘടകകക്ഷികള്‍ക്കായി 19 സീറ്റുകളാണ് അവരും വിട്ട് നല്‍കിയിരിക്കുന്നത്.

പുതുച്ചേരിയിലെ ഒരു സീറ്റുള്‍പ്പെടെ കോണ്‍ഗ്രസ്സ് 10 സീറ്റിലാണ് മത്സരിക്കുന്നത്. സി.പി.എം 2, സി.പി.ഐ 2, മുസ്ലീം ലീഗ് 1,എം.ഡി.എം.കെ 1,വി.സി.കെ 2, ഇന്ത്യ ജനനായ കക്ഷി 1 കൊങ്‌നാട് മക്കള്‍ ദേശീയ കക്ഷി 1, എന്നിങ്ങനെയാണ് മറ്റു ഘടകക്ഷികള്‍ മത്സരിക്കുന്ന സീറ്റുകള്‍.

ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് 25 സീറ്റിലും ഒറ്റക്കാണ് മത്സരിക്കുന്നത്. ഒരു തരംഗമുണ്ടായാല്‍ ജഗന്‍ മോഹന്‍ റെഡ്ഡി കിംഗ് മേക്കറുടെ റോളില്‍ വരാനും സാധ്യത ഏറെയാണ്.

കഴിഞ്ഞ തവണ ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും തെലങ്കുദേശത്തെ ബി.ജെ.പി ഒപ്പം തന്നെ നിര്‍ത്തിയിരുന്നു. 17 സീറ്റുകളാണ് തെലുങ്ക് ദേശത്തിന് മാത്രമായി 2014ല്‍ ലഭിച്ചിരുന്നത്. രണ്ട് സീറ്റ് ബിജെപിക്കും 8 സീറ്റ് വൈഎസ് ആര്‍ കോണ്‍ഗ്രസിനുമായിരുന്നു.

ഇതേ തുടര്‍ന്ന് എന്‍.ഡി.എ തലപ്പത്തും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് നിര്‍ണ്ണായക പദവിയാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ കാവി പാളയത്തില്‍ നിന്നും പുറത്ത് വന്ന തെലങ്കുദേശം നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് കൂടി നടക്കുന്നതിനാല്‍ വാഷ് ഔട്ട് ആകുമോ എന്നതാണ് ചന്ദ്രബാബു നായിഡുവിന്റെ ഭയം. ഇവിടെ സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടിയുമായി സഖ്യമായാണ് സി.പി.എം മത്സരിക്കുന്നത്.

തെലങ്കാനയില്‍ ആകെ 17 ലോക്‌സഭ സീറ്റുകള്‍ ആണ് ഉള്ളത്. ഇവിടെ ചന്ദ്രശേഖറ റാവുവിന്റെ ടി.ആര്‍.എസ് ഭൂരിപക്ഷം സീറ്റുകളും ഇതിനകം തന്നെ ഉറപ്പിച്ചിട്ടുണ്ട്. എ.ഐ.എം.ഐ.എമ്മുമായി സഖ്യമായാണ് ടി.ആര്‍.എസ് മത്സരിക്കുന്നത്.

80 അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പി യില്‍ സീറ്റുകള്‍ പങ്കിട്ടെടുത്താണ് എസ്.പി – ബി.എസ്.പി സഖ്യം മത്സരിക്കുന്നത്. കേന്ദ്രത്തിലെ മൂന്നാം ശക്തിയാകാനുള്ള മത്സരത്തില്‍ ഈ പാര്‍ട്ടികളും മുന്നില്‍ തന്നെയാണ്. മായാവതിയുടെ ബി.എസ്പി 37 ഉം അഖിലേഷ് യാദവിന്റെ എസ്.പി 38 ഉം സീറ്റുകളിലാണ് മത്സരിക്കുന്നത്.

ഇവിടെ എത്ര സീറ്റുകള്‍ എസ്.പി – ബി.എസ്.പി സഖ്യം പിടിക്കുമെന്നത് ബി.ജെ.പിക്കും കേന്ദ്രത്തില്‍ നിര്‍ണ്ണായകമാണ്. രാഷ്ട്രീയ ലോക്ദള്‍,നിഷാദ് പാര്‍ട്ടി എന്നിവരും പ്രതിപക്ഷ മഹാസഖ്യത്തിലുണ്ട്.

ബീഹാറില്‍ ബി.ജെ.പി – ജെ.ഡി.യു സഖ്യം തൂത്ത് വാരുമെന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ വിലയിരുത്തല്‍. മറിച്ചായാല്‍ അത് ആര്‍.ജെ.ഡിക്കും വലിയ നേട്ടമാകും. ഇവിടെ കോണ്‍ഗ്രസ്സ് സഖ്യത്തില്‍ 20 സീറ്റുകളിലാണ് ആര്‍.ജെ.ഡി മത്സരിക്കുന്നത്. കോണ്‍ഗ്രസ് 9 സീറ്റിലാണ് മത്സരിക്കുന്നത്.

കോണ്‍ഗ്രസിനും ആര്‍ജെഡിക്കും പുറമെ ഉപേന്ദ്ര കുഷ്വാഹയുടെ ആര്‍.എല്‍.എസ്.പി, മറ്റ് ചെറിയ പ്രാദേശിക പാര്‍ട്ടികള്‍ തുടങ്ങിയവ 11 സീറ്റുകളിലാണ് മത്സരിക്കുന്നത്.

ഇടതുപക്ഷത്തെ പോലും തഴഞ്ഞാണ് ആര്‍.ജെ.ഡി സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ്സ് സഖ്യത്തെയും ബി.ജെ.പിയെയും വെല്ലുവിളിച്ച് ബഗുസുരായിയില്‍ കനയ്യകുമാര്‍ വലിയ മൂന്നേറ്റമാണ് നടത്തിയിരിക്കുന്നത്. കനയ്യ വിജയിച്ചാല്‍ അത് ബീഹാര്‍ രാഷ്ട്രിയത്തില്‍ പുതിയ ചരിത്രത്തിന്റെ തുടക്കം കൂടിയാകും.

ഒഡീഷയാണ് പ്രാദേശിക പാര്‍ട്ടിക്ക് കരുത്തുള്ള മറ്റൊരു സംസ്ഥാനം. ഇവിടെ ഭരണകക്ഷിയായ ബിജു ജനതാദളിന് പഴയ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെ 21 ലോക്‌സഭ അംഗങ്ങളാണ് ഒഡീഷയില്‍ നിന്നുള്ളത്. കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരു പോലെ പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനമാണിത്.

കേന്ദ്രത്തില്‍ മൂന്നാമനാകാന്‍ പ്രധാനമായും പൊരിഞ്ഞ പോരാട്ടം നടക്കുന്നത് എസ്.പി, ബി.എസ്.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ഡി.എം.കെ, ടി.ആര്‍.എസ് പാര്‍ട്ടികള്‍ തമ്മിലാണ്.

സാധ്യതകള്‍ പരിശോധിച്ചാല്‍ മൂന്നാം കക്ഷിയാകാന്‍ ഏറ്റവും അധികം സാധ്യത ഉറപ്പിക്കാവുന്നത് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനും ഡി.എം.കെയ്ക്കുമാണ്. കാവി പാളയത്തില്‍ എത്രമാത്രം വിള്ളല്‍ വീഴ്ത്താന്‍ കഴിയും എന്നതാകും എസ്.പിയുടെയും ബി.എസ്.പിയുടെയും വിജയത്തില്‍ ഘടകമാകുക.

രണ്ടു പാര്‍ട്ടികളും കൂടി 35 സീറ്റ് നേടിയാല്‍ പോലും മൂന്നാം ഒറ്റകക്ഷിയാവാന്‍ ഈ പാര്‍ട്ടികള്‍ക്ക് സാധിക്കില്ല.അങ്ങനെയെങ്കില്‍ ഇത്തവണയും മൂന്നാം സ്ഥാനം ദക്ഷിണേന്ത്യയില്‍ നിന്നു തന്നെ ആയിരിക്കും.കേന്ദ്രത്തില്‍ പുതുതായി ആര് സര്‍ക്കാര്‍ ഉണ്ടാക്കിയാലും മൂന്നാം പാര്‍ട്ടിക്ക് നിര്‍ണ്ണായക റോളാണ് ഉണ്ടാകുക.

Express Kerala View

Top