aiadmk mla’s still living in kanjipuram resort

ചെന്നൈ: തങ്ങള്‍ ആരുടേയും തടവിലല്ലെന്നു വിശ്വാസവോട്ട് നടക്കും വരെ കാഞ്ചീപുരത്തെ ഗോള്‍ഡേ ബേ റിസോര്‍ട്ടില്‍ തുടരുമെന്ന് അണ്ണാ ഡിഎംകെയിലെ ശശികലപക്ഷം എംഎല്‍എമാര്‍.

റവന്യൂ വകുപ്പ് നടത്തിയ പരിശോധനയ്ക്ക് ശേഷം റിസോര്‍ട്ടിന് പുറത്തുവന്ന എംഎല്‍എമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തങ്ങള്‍ക്ക് പനീര്‍ശെല്‍വപക്ഷത്തു നിന്ന് ഭീഷണിയുണ്ടെന്നും ഇക്കാരണത്താലാണ് ഇവിടെവന്ന് താമസിക്കുന്നതെന്നും റിസോര്‍ട്ടിന് പുറത്തെത്തിയ രണ്ട് എംഎല്‍എമാര്‍ പറഞ്ഞു.

ഗവര്‍ണര്‍ വിശ്വാസവോട്ടെടുപ്പിന് വിളിക്കും വരെ റിസോര്‍ട്ടില്‍ തുടരുമെന്നും എത്രകാലം വേണമെങ്കിലും ഇവിടെ താമസിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കി.

നേരത്തേ എംഎല്‍എമാരെ ശശികല തടവില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും പലരും ഉപവാസത്തിലാണെന്നും പനീര്‍ശെല്‍വം വിഭാഗം ആരോപിച്ചിരുന്നു. എംഎല്‍എമാര്‍ തടങ്കലിലാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്.

രാവിലെ ആറു മുതലാണ് പൊലീസ് അകമ്പടിയോടെ എത്തിയ ആര്‍ഡിഒ റിസോര്‍ട്ടില്‍ പരിശോധന തുടങ്ങിയത്.

തഹസില്‍ദാരും എഡിഎസ്പിയും ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടായരുന്നു. റിസോര്‍ട്ടിലുള്ള എല്ലാ എംഎല്‍എമാര്‍ ഓരോരുത്തരുമായും സംഘം സംസാരിച്ചു. എംഎല്‍എമാര്‍ തടങ്കലിലല്ലെന്നാണ് ഉദ്യോഗസ്ഥരും നല്‍കുന്ന വിവരം.

എംപിമാരായ എംപി പി.ആര്‍ സുന്ദരവും അശോക് കുമാറും പനീര്‍ശെല്‍വം പക്ഷത്തേക്ക് പോയത് മറ്റു ബന്ധങ്ങള്‍ മൂലമാണെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച എംഎല്‍എമാര്‍ പറഞ്ഞു.

അതേസമയം റിസോര്‍ട്ടില്‍ എത്ര എംഎല്‍എമാര്‍ ഉണ്ടെന്ന വിവരം വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായില്ല.

Top