AIADMK mla are independant says sasikala

ചെന്നൈ: അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ തടങ്കലില്‍ അല്ലെന്നും, പാര്‍ട്ടി സന്തുഷ്ട കുടുംബമെന്ന പോലെ ഒറ്റക്കെട്ടാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ. ശശികല. കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശികല.

എംഎല്‍എമാരെ ചിലര്‍ ഭീഷണിപ്പെടുത്തുണ്ട്. പാര്‍ട്ടിയുടെ ശത്രുക്കള്‍ കള്ളം പ്രചരിപ്പിക്കുയാണ്. എംഎല്‍എമാര്‍ അവരുടെ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്.അവര്‍ കുടുംബത്തോടും കുട്ടികളോടും സ്ഥിരമായി സംസാരിക്കുന്നുണ്ടെന്നും ശശികല പറഞ്ഞു.

എംഎല്‍എമാര്‍ കുടുംബത്തെ പോലും ഉപേക്ഷിച്ചാണ് ഇവിടെ കഴിയുന്നത്. ഇത് അവര്‍ക്ക് പാര്‍ട്ടിയോടുള്ള ആത്മാര്‍ഥതയാണ് കാണിക്കുന്നതെന്നും ശശികല പറഞ്ഞു.

എല്ലാവരും ഇവിടെ സ്വതന്ത്രരായി ഇരിക്കുകയാണെന്നും, പുറത്തു പോയവര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു. എത്ര എംഎല്‍എമാര്‍ കൂടെയുണ്ട് എന്ന ചോദ്യത്തിന് എണ്ണി നോക്കിക്കൊളാനായിരുന്നു ശശികലയുടെ മറുപടി. കൂവത്തൂരിലെ റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ക്കൊപ്പമായിരുന്നു ശശികല മാധ്യമങ്ങളെ കണ്ടത്.

അതേസമയം തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയും പ്രതികളായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കാനിടയില്ലന്നാണ് സൂചന. തിങ്കളാഴ്ച പരിഗണിക്കാനുള്ള കേസുകളുടെ പട്ടികയില്‍ ഈ കേസ് ഉള്‍പ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ആഴ്ച കര്‍ണാടക സര്‍ക്കാര്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് ഈയാഴ്ച വിധി പറയുമെന്ന് ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതവ റോയി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

Top