ഫ്‌ളക്‌സ് ബോര്‍ഡ് വീണ് യുവതി മരിച്ച സംഭവം; അറസ്റ്റിലായ എഡിഎംകെ നേതാവിനെ റിമാന്റ് ചെയ്തു

ചെന്നൈ: ചെന്നൈയില്‍ ഫ്ളക്സ് ബോര്‍ഡ് വീണ് സോഫ്റ്റ് വെയര്‍ എന്‍ജീനിയറായ യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവിനെ റിമാന്റ് ചെയ്തു. മുന്‍ കൗണ്‍സിലറായ ജയഗോപാലിനെയാണ് റിമാന്റ് ചെയ്തത്. അലന്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജയഗോപാലിനെ റിമാന്റ് ചെയ്തത്.

കഴിഞ്ഞ സെപ്തംബര്‍ 12നായിരുന്നു അപകടം നടന്നത്. ചെന്നൈയില്‍ സോഫ്റ്റ് വെയര്‍ എന്‍ജീനിയറായ ശുഭശ്രീ (23) ആണ് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് ദേഹത്തേക്ക് മറിഞ്ഞുവീണ് മരിച്ചത്. ഐഎല്‍ടിസ് പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പല്ലാവരം റോഡിന് സമീപത്തായിരുന്നു സംഭവം.

ഫ്ളക്സ് വീണതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശുഭശ്രീ പിന്നാലെ വന്ന ലോറിക്കടിയിലേക്ക് വീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശുഭശ്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ജയഗോപാലിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച നേതാക്കളുടെ പരസ്യബോര്‍ഡാണ് മറിഞ്ഞുവീണത്.

Top