അണ്ണാഡിഎംകെയുടെ പ്രഖ്യാപനം; ‘ഡൽഹിയിലെ നേതാക്കൾ’ പ്രതികരിക്കുമെന്ന് കെ.അണ്ണാമലൈ

ചെന്നൈ : ബിജെപിയുമായി സഖ്യമില്ലെന്ന അണ്ണാഡിഎംകെയുടെ പ്രഖ്യാപനത്തോട് ‘ഡൽഹിയിലെ നേതാക്കൾ’ പ്രതികരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. കെ.അണ്ണാമലൈയുടെ മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ചുള്ള പരാമർശത്തെ തുടർന്നാണ് ബിജെപിയുമായുള്ള സഖ്യം വിടുന്നതായി അണ്ണാഡിഎംകെ പ്രഖ്യാപിച്ചത്. തുടർന്ന് ബിജെപി – അണ്ണാഡിഎംകെ നേതാക്കൾ പരസ്പരം പരസ്യമായി വിമർശിച്ചിരുന്നു. അണ്ണാമലൈയെ അണ്ണാഡിഎംകെ നേതാക്കൾ ‘കീടം’, ‘റാബ്ബിള്‍-റൗസർ’ എന്ന് വിളിച്ചെന്നും ആരോപണമുയർന്നിരുന്നു.

അണ്ണാഡിഎംകെയുടെ തീരുമാനത്തിനു പിന്നാലെ, എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) ‘നന്ദ്രി വീണ്ടും വരാതീഗൾ’ (നന്ദി ദയവായി വീണ്ടും വരരുത്) എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആണ്. അണ്ണാഡിഎംകെ പ്രവർത്തകരും ബിജെപി പ്രവർത്തകരും പടക്കം പൊട്ടിച്ചാണ് പിരിയാനുള്ള തീരുമാനം ആഘോഷിച്ചത്.

അതേസമയം, പാർട്ടിയുമായുള്ള സഖ്യം വേർപെടുത്താൻ അണ്ണാ ഡിഎംകെ തീരുമാനിച്ചെങ്കിലും അണ്ണാമലൈയെ ബിജെപി ശക്തമായി പിന്തുണയ്ക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അണ്ണാദുരൈയെക്കുറിച്ചുള്ള പരാമർശത്തിൽ അണ്ണാമലൈ മാപ്പ് പറയണമെന്ന് അണ്ണാഡിഎംകെയുടെ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അണ്ണാമലൈ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നും അണ്ണാഡിഎംകെ ആവശ്യപ്പെട്ടു.

എന്നാൽ, ഇത് അംഗീകരിക്കാൻ ബിജെപി വിസ്സമ്മതിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കാൻ അണ്ണാഡിഎംകെയോട് ആവശ്യപ്പെടില്ലെന്നും അവർ വ്യക്തമാക്കി.

ബിജെപിയുമായുള്ള സഖ്യം വേർപെടുത്തിയത് അണ്ണാഡിഎംകെയുടെ ഏറ്റവും സന്തോഷകരമായ നിമിഷമാണെന്ന് അണ്ണാഡിഎംകെ വക്താവ് ശശിരേഖ പറഞ്ഞു. ചെന്നൈയിൽ പടക്കം പൊട്ടിച്ചാണ് പ്രവർത്തകർ തീരുമാനം ആഘോഷിച്ചതെന്നും ശശിരേഖ വ്യക്തമാക്കി.

അതേസമയം, അണ്ണാഡിഎംകെ ബിജെപിയുമായുള്ള സഖ്യം വിച്ഛേദിച്ചത് നല്ല നടപടിയാണെന്ന് കോൺഗ്രസ് നേതാവ് റാഷിദ് അൽവി പറഞ്ഞു. ബിജെപിയുമായി വിലപേശലിനു വേണ്ടിയല്ല, എൻഡിഎയുടെയും ബിജെപിയുടെയും പ്രത്യയശാസ്ത്രം മനസിലാക്കിയാണ് അവർ ഈ തീരുമാനമെടുത്തതെങ്കിൽ ഇതു നല്ല ചുവടുവയ്പ്പാണ്. സഖ്യകക്ഷികളെ ബിജെപി ബഹുമാനിക്കുന്നില്ലെന്നും റാഷിദ് അൽവി പറഞ്ഞു.

ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു പാർട്ടി നേതൃത്വവും തമ്മിലുള്ള ഉരസൽ തുടങ്ങിയത്. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്നും മുൻപ് അണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടർന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾക്കു താൽക്കാലിക പരിഹാരമുണ്ടാക്കിയിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തിനിടെ അണ്ണാദുരൈയെക്കുറിച്ച് അപകീർത്തികരമായ പ്രസ്താവന അണ്ണാമലൈ നടത്തിയെന്നാരോപിച്ചാണ് ഇരു വിഭാഗവും തമ്മിൽ വീണ്ടും വാക്പോരു തുടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികം സീറ്റിനായി സമ്മർദ്ദം ശക്തമാക്കിയതും പ്രകോപനത്തിനു കാരണമായി.

Top