ചൊവ്വയിലെ ജലത്തില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിവുള്ള എഐ അധിഷ്ഠിത ‘റോബോട്ട് കെമിസ്റ്റ്’

നുഷ്യന്റെ അന്യഗ്രഹ വാസത്തിന് ഏറ്റവും വെല്ലുവിളി ശ്വസിക്കാന്‍ വായു ഇല്ല എന്നതാണ്. അതിനൊരു പരിഹാരം കാണുകയാണ് ചൈനയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍. ചൊവ്വയില്‍ വെച്ച് ഓക്സിജന്‍ നിര്‍മിക്കാന്‍ ഒരു വഴി കണ്ടെത്തിയിരിക്കുകയാണിവര്‍. ചൊവ്വയിലെ ജലത്തില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിവുള്ള എഐ അധിഷ്ഠിത ‘റോബോട്ട് കെമിസ്റ്റ്’ ആണ് ചൈനയിലെ സയന്‍സ് ആന്റ് ടെക്നോളജി സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ ഇതിനായി അവതരിപ്പിക്കുന്നത്.

ചൊവ്വയിലെ മണ്ണില്‍ നിന്നുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഉത്പ്രേരകങ്ങള്‍ നിര്‍മിക്കാനും അവ ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിക്കാനും ഈ റോബോട്ടിന് സാധിക്കുമെന്ന് നേച്ചര്‍.കോം വെബ്സൈറ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേച്ചര്‍ സിന്തസിസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. പ്രൊഫസര്‍ ജുങ് ജിയാങിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. അദ്ദേഹവും സംഘവും ഒരു റഫ്രിജറേറ്ററിന്റെ ആകൃതിയിലുള്ള യന്ത്രം ഉപയോഗിച്ച് ചൊവ്വയില്‍ നിന്ന് ഉത്ഭവിച്ചതെന്ന് കരുതുന്ന ഉല്‍ക്കാശിലകളില്‍ നിന്ന് ഉത്പ്രേരകം നിര്‍മിക്കാനാവുമോ എന്ന് പരിശോധിച്ചു.

എഐ അധിഷ്ഠിത ഉപകരണം വഴി ആസിഡും ആല്‍ക്കലിയും ഉപയോഗിച്ച് പദാര്‍ത്ഥത്തെ അലിയിക്കുകയും സംയുക്തങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഈ പരീക്ഷണങ്ങളില്‍ നിന്നാണ് ജലത്തെ വിഘടിപ്പിക്കാനും ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കാനും കഴിയുന്ന ഒരു ഫോര്‍മുല കണ്ടുപിടിച്ചത്. മണിക്കൂറില്‍ 60 ഗ്രാം ഓക്സിജന്‍ നിര്‍മിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന് ജിയാങ് പറയുന്നു. ഈ രീതിയില്‍ ചൊവ്വയില്‍ ഓക്സിജന്‍ നിര്‍മിച്ചാല്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് ചൊവ്വയിലേക്ക് പോവുമ്പോള്‍ ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുപോവേണ്ടി വരില്ലെന്നും അദ്ദേഹം പറയുന്നു.

ഈ ഉപകരണം ഉപയോഗിച്ച് ചൊവ്വയില്‍ വളര്‍ത്തുന്ന സസ്യങ്ങള്‍ പോഷകം നല്‍കാനും സാധിക്കുമെന്നും കൂടുതല്‍ രാസപദാര്‍ഥങ്ങള്‍ റോബോട്ടില്‍ താമസിയാതെ ലഭ്യമാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വിദ്യ ചന്ദ്രനിലും ഉപയോഗിക്കാനാവും. സമാനമായി ചൊവ്വയില്‍ ധാരാളമുള്ള കാര്‍ബണ്‍ ഡയോക്സൈഡ് വിഘടിപ്പിച്ച് ഓക്സിജനാക്കി മാറ്റുന്ന മോക്സി എന്ന ഉപകരണം നാസ വികസിപ്പിച്ചിട്ടുണ്ട്.

Top