മനുഷ്യന്‍ ചരിത്രമാകും മുന്‍പേ എഐക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു; ഹരാരി

ജനീകാന്തിനെ നായകനാക്കി 2010ല്‍ ശങ്കര്‍ സംവിധാനം ചെയ്ത ‘എന്തിരന്‍’ സിനിമയിലെ അവസാന രംഗങ്ങള്‍ നമ്മെ ഒന്നിരുത്തി ചിന്തിപ്പിച്ചതാണ്. മനുഷ്യന് പകരം റോബോട്ടുകള്‍ വാഴുന്ന കാലം എങ്ങനെയായിരിക്കുമെന്ന് സിനിമ കണ്ടവരാരും സങ്കല്‍പ്പിച്ചു നോക്കാതിരിക്കില്ല. യന്ത്രമനുഷ്യന് ചിപ്പിലൂടെ ജീവന്‍ വെപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങളും, പാളിച്ചകളും മനുഷ്യ കുലത്തിന് പാഠമാക്കാവുന്നതാണ്. മനുഷ്യ നിര്‍മ്മിതമാണെങ്കിലും വിചാര വികാരങ്ങളെ വിലയിരുത്തുന്ന കാര്യത്തില്‍ ഒരു സൃഷ്ടിയെയും പകരം വെക്കാനാവില്ല. എന്നാല്‍ മനുഷ്യനെ മൂലയ്ക്കിരുത്തി യാന്ത്രിക മനുഷ്യര്‍ അരങ്ങുവാഴുമ്പോള്‍ സാങ്കേതിക വിദ്യ വീണ്ടുമൊരു കണ്ടുപിടുത്തവുമായി നമ്മെ വിസ്മയിപ്പിക്കുമെന്നു ആരെങ്കിലും പ്രതീക്ഷിച്ചോ? ‘ഇല്ല’ എന്നായിരിക്കും ഭൂരിഭാഗവും അഭിപ്രായപ്പെടുക. എന്നാല്‍ യന്ത്രവല്‍കൃത ലോകം എത്ര പെട്ടെന്നാണ് തന്റെ സൃഷ്ടാവിന്റെ പോലും ചിന്തകളെ പൊളിച്ചെഴുതുന്നതെന്ന് മനസിലാക്കിയെടുക്കാന്‍ നമ്മുടെ നിത്യജീവിതം തന്നെ ധാരാളം.

ചിന്തകളെ പോലും അനുനിമിഷം കൊണ്ട് കയ്യിലിരിക്കുന്ന സ്മാര്‍ട്‌ഫോണില്‍ വരുത്തുന്ന എഐ മാജിക്, നമുക്ക് തന്നെ വിനയാവുകയാണ്. മനുഷ്യന്റെ ചിന്താമണ്ഡലത്തെ മുഴുവന്‍ കാര്‍ന്നെടുത്ത് ആവശ്യാനുസരണം നമുക്ക് തന്നെ വിളമ്പുന്നു. അതിശയിപ്പിക്കുന്ന പുതിയ സംവിധാനത്തില്‍ അടിതെറ്റി വീഴുന്ന തലമുറ നമ്മുടേതാണ്. സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന പതിയ ആപ്പ്‌ളിക്കേഷനായ ഫോട്ടോലാബില്‍ കേറ്റി തിരിച്ചിറക്കുമ്പോഴുള്ള സൗന്ദര്യത്തില്‍ കോര്‍മയില്‍ കൊള്ളാത്തവരായാരുണ്ട്? ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതി എന്തായിരിക്കുമെന്ന് ആര് കണ്ടു? ഇതൊന്നും പുത്തരിയല്ലെന്ന മട്ടില്‍ അടുത്ത ആപ്പും പുറകെ വരും, അധികം വൈകാതെ.

‘ദി ഇക്കണോമിസ്റ്റ്’ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രമുഖ ചരിത്രകാരനും തത്വചിന്തകനും എഴുത്തുകാരനും ‘സാപിയന്‍സ്’ എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ രചയിതാവുമായ യുവാല്‍ നോവ ഹരാരി മറ്റൊരു അതിഗുരുതര മുന്നറിയിപ്പു കൂടി നല്‍കുകയാണ്. എഐ വികാസത്തിന്റെ അടുത്തഘട്ടത്തില്‍ മനുഷ്യകേന്ദ്രീകൃതമായ ചരിത്രത്തിന്റെ അന്ത്യമാകുമെന്നാണു അദ്ദേഹം വ്യക്തമാക്കിയത്. മനുഷ്യവംശത്തിന്റെ നാശമെന്നല്ല താന്‍ ഉദ്ദേശിക്കുന്നതെന്നും മനുഷ്യരല്ലാത്ത, ജൈവികമല്ലാത്ത മറ്റാരെങ്കിലും എഴുതുന്ന ചരിത്രമാകും ഇനിയങ്ങോട്ടുണ്ടാകുക എന്നതിനാണു സാധ്യതയെന്നും അദ്ദേഹം പറയുന്നു.

തന്റെ വളര്‍ച്ചയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു അവസ്ഥയെ അഭിമുഖീകരിക്കുന്നത്. തീരുമാനം ഒരിക്കലും സൃഷ്ടിയുടേതല്ല, സൃഷ്ടാവിന്റേതാണ്. ആറ്റംബോംബ് സൃഷ്ടിച്ചപ്പോള്‍ അത് എവിടെ,എപ്പോള്‍ പ്രയോഗിക്കണമെന്നുള്ള തീരുമാനമെടുത്തത് ആറ്റംബോംബ് ആയിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റായ ട്രൂമാന്‍ ആയിരുന്നു ഹിരോഷിമയില്‍ ആറ്റംബോംബ് ഇടണമെന്ന തീരുമാനമെടുത്തത്. ആയുധങ്ങള്‍, അച്ചടിശാല തുടങ്ങിയവ മുതലുള്ള ഏതു കണ്ടുപിടിത്തമെടുത്താലും അതിന്റെ നിയന്ത്രണവും ഉപയോഗവും തീരുമാനിച്ചിരുന്നത് മനുഷ്യനായിരുന്നു, മനുഷ്യചേതനയായിരുന്നു. മനുഷ്യനല്ലാതെ, സ്വയം ബുദ്ധിപൂര്‍വമായ ഒരു തീരുമാനം എടുക്കാന്‍ കഴിയുന്ന ഒരു സംവിധാനം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല.

മനുഷ്യന് സാധിക്കുന്നതിനേക്കാള്‍ പലമടങ്ങ് വേഗത്തിലും സമ്പൂര്‍ണമായും പുതിയ ആശയങ്ങള്‍, കണ്ടുപിടിത്തങ്ങള്‍ എന്നിവ പൂര്‍ണമായും സ്വയം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാകും എഐ. അതും സമൂഹവ്യവസ്ഥയുടെ അധികാരം, നിയന്ത്രണം എന്നിവ പൂര്‍ണമായും മനുഷ്യനില്‍ നിന്ന് മറ്റൊരു അജൈവ ബുദ്ധികേന്ദ്രത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ്. മനുഷ്യചരിത്രത്തിന്റെ അന്ത്യമായി എന്നു പറയുന്നതും അതുകൊണ്ടാണെന്നാണ് ഹരാരി പറയുന്നത്.

ലോകത്തിന്റെ ഏതുകോണിലുമുള്ള മനുഷ്യരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിനുള്ള എഐ സംവിധാനം വിജയക്കുതിപ്പിലാണ്. മനുഷ്യമനസ്സിന്റെ താക്കോല്‍ സൂക്ഷിപ്പുകാരായ ആധുനിക സാങ്കേതിക വിദ്യകള്‍ തമ്മില്‍ പോരടിയ്ക്കുന്ന കാലത്തെകുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ടു ചെയ്യാനും, ഒരു പ്രത്യേക ഉല്‍പന്നം വാങ്ങാനുമുള്ള നമ്മുടെ തീരുമാനത്തെ സ്വാധീനിക്കാനായി വിവിധ എഐ സംവിധാനങ്ങള്‍ പരസ്പരം യുദ്ധം പ്രഖ്യാപിച്ചാലുള്ള അവസ്ഥയെന്താകും? ബഹുരാഷ്ട്രകുത്തകകളും, രാഷ്ട്രീയപാര്‍ട്ടികളും ഏകാധിപതികളും, സാമ്രാജ്യങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലെ തന്ത്രപൂര്‍വമായ ഇടപെടലിലൂടെ ജനലക്ഷങ്ങളുടെ മനസ്സ് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതിന് അക്ഷീണം ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. മനുഷ്യന്റെ മനം കവരാനുള്ള രാഷ്ട്രീയ യുദ്ധത്തില്‍ ഏറ്റവും മികച്ച ആയുധം വൈകാരിക അടുപ്പം സൃഷ്ടിക്കലാണെന്ന് ഓര്‍മ വേണം

സമ്പത്ത് ഉത്പാദനം കുമിഞ്ഞു കൂടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല, പക്ഷേ തുല്യനിലയില്‍ വീതിക്കപ്പെടും എന്നു നമുക്ക് ഉറപ്പിക്കാനാകില്ല. എന്താണു സംഭവിക്കുന്നത് എന്നതിനെപ്പറ്റി വിവിധ ലോക സര്‍ക്കാരുകള്‍ക്ക് ഒന്നും മനസ്സിലാകുന്നില്ല. എഐ വികസിപ്പിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കു മാത്രമേ ഇതേപ്പറ്റി ഗൗരവമായി അറിവുള്ളൂ. അതീവ ബുദ്ധിശാലികളായ ചുരുക്കംപേര്‍ ലോക സാമ്പത്തിക കേന്ദ്രമായ അമേരിക്കയിലെ വോള്‍സ്ട്രീറ്റില്‍ നടത്തിയ ഇടപെടലുകളാണ് 2008ല്‍ ലോകത്തെ സാമ്പത്തികമാന്ദ്യത്തിലേക്കു തള്ളിയിട്ടതെന്ന് ഇന്നു നമുക്കറിയാം. ചിന്തകള്‍ക്കതീതമായ ചിന്താ,വിശകലന ശേഷിയുള്ള എഐ സാങ്കേതികവിദ്യ സാമ്പത്തികരംഗം സ്വയം അനുകൂലമായി നിയന്ത്രിച്ചാല്‍ എന്താകും സംഭവിക്കുകയെന്ന് കണ്ടറിയണം.

കണ്ടുപിടുത്തങ്ങള്‍ ഏതൊക്കെ രീതിയില്‍ വിനിയോഗിക്കണമെന്ന് നമുക്ക് തീരുമാനിക്കാനുള്ള അധികാരമുണ്ട്. കൂട്ടസംഹാരശേഷിയുള്ള ആയുധമായി എഐ രൂപാന്തരപ്പെടാനുള്ള സാധ്യത അവിടെയാണ്. ചികില്‍സാരംഗം, ശാസ്ത്രരംഗം തുടങ്ങിയ മേഖലകളിലൊക്കെ വിപ്ലവകരമായ, ഗുണപരമായ മാറ്റങ്ങള്‍ക്ക് എഐയ്ക്ക് കഴിവുണ്ട് എന്നതു നിസ്തര്‍ക്കമായ വസ്തുതയാണ്. എന്നാല്‍ പതിയിരിക്കുന്ന അപകടം നമ്മള്‍ കാണാതിരുന്നുകൂടാ. പുതിയ പുതിയ എഐ വിദ്യകള്‍ സൃഷ്ടിച്ചു സമൂഹത്തിലേക്ക് തുറന്നുവിടുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം.ഇതിനായി ലോകരാഷ്ട്രങ്ങള്‍ നിയമനിര്‍മാണം നടത്തണം. എത്രയോ പരീക്ഷണ, നിരീക്ഷണങ്ങള്‍ക്കു ശേഷമാണു മരുന്നുകമ്പനികള്‍ ഒരു പുതിയ മരുന്ന് ജനങ്ങളുടെ ഉപയോഗത്തിനായി പൊതുവിപണിയില്‍ ലഭ്യമാക്കുന്നത്. ഇത്തരമൊരു സംവിധാനം എഐ രംഗത്തും വേണം. ഇല്ലെങ്കില്‍ സര്‍വനാശമാകും ഫലം. ഹരാരി മുന്നറിയിപ്പു നല്‍കുന്നു.

Top