‘എഐ’ തട്ടിപ്പ്; ദില്ലിയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് വിശ്വസിപ്പിച്ച് പണം തട്ടി

ദില്ലി: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീണ്ടും തട്ടിപ്പ്. ദില്ലിയിൽ ബന്ധുവിന്റെ മകനെ തട്ടിക്കൊണ്ടുപോയെന്ന് വിശ്വസിപ്പിച്ച് വയോധികനിൽ നിന്നും തട്ടിപ്പുകാർ അടിച്ചെടുത്തത് 50,000 രൂപ. യമുന വിഹാറിൽ താമസിക്കുന്ന മുതിർന്ന പൗരനായ ലക്ഷ്മി ചന്ദ് ചൗളയെ പറ്റിച്ചാണ് പ്രതികൾ പണം തട്ടിയത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടിയുടെ ശബ്ദത്തിൽ വോയിസ് നോട്ട് അയച്ചാണ് പ്രതികൾ വയോധികയെ പറ്റിച്ചത്.

കഴിഞ്ഞ മാസമാണ് സംഭവം. ലക്ഷ്മി ചന്ദ് ചൗളയുടെ മൊബൈലിലേക്ക് ഒരു ഫോൺ കോൾ വന്നു. നിങ്ങളുടെ ബന്ധുവിന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും, ജീവനോടെ തിരികെ കിട്ടണമെങ്കിൽ പണം വേണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. പിന്നാലെ വാട്ട്സ്ആപ്പിലേക്ക് കുട്ടിയുടെ ശബ്ദവും എത്തി. പേടിച്ചരണ്ട കുട്ടിയുടെ ശബ്ദം കേട്ടതോടെ വയോധിക പ്രതികൾ ആവശ്യപ്പെട്ട പണം അയച്ചുകൊടുത്തു. പേടിഎം വഴിയാണ് 50000 രൂപ അയച്ചുകൊടുത്തത്. എന്നാൽ ഇത് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം വയോധിക മനസിലാക്കുന്നത്. കുട്ടി വീട്ടിലുണ്ടെന്നും ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ബന്ധു വയോധികയെ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പുകാരെ കണ്ടെത്തുന്നതിനായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ഏറ്റവും പുതിയ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ രേഖ പ്രകാരം ദില്ലിയിൽ 2022 ൽ 685 സൈബർ ക്രൈം കേസുകളാണ് രജിസ്റ്റർ ചെയ്ചിട്ടുണ്ട്. 2021 ൽ ഇത് 345 കേസുകളായിരുന്നു.

Top