എഐ ക്യാമറ; കരാറുകാര്‍ക്ക് നല്‍കാനുള്ള പണം നല്‍കരുതെന്ന് ഹൈക്കോടതി

 

എറണാകുളം: എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് നല്‍കാനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ പാടില്ലെന്ന് ഹൈകോടതി. ഇനി കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും. പദ്ധതിയുടെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ രണ്ട് ആഴ്ചയ്ക്കകം എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യണം. കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യമായെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.കരാറുകാര്‍ക്ക് പണം കൊടുക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നു.മുഖ്യമനത്രിയുടെ അടുപ്പക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേട്ടമുണ്ടാക്കാനുള്ള തട്ടിപ്പ് പദദ്ധതിയിലെ ക്രമക്കേട് ഹൈക്കോടതിയില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Top