‘അഹ്‌ലൻ മോദി’ രജിസ്‌ട്രേഷൻ 30,000 കവിഞ്ഞു

ബുദാബി : അടുത്തമാസം 13-ന് അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന അഹ്‌ലൻ മോദി സമ്മേളനത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 30,000 കവിഞ്ഞു. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന സമ്മേളനം വൻവിജയമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സമ്മേളനത്തിൽ പങ്കെടുക്കാനും ഫെബ്രുവരി 14-ന് നടക്കുന്ന ക്ഷേത്ര ഉദ്ഘാടനത്തിനുമായി 13-ന് ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ. യിലെത്തും. വൈകീട്ട് നടക്കുന്ന സമ്മേളനത്തിന് മുൻപായി 700 ഇന്ത്യൻ സാംസ്കാരിക സംഘങ്ങൾ അവതരിപ്പിക്കുന്ന പരിപാടിയുണ്ടാകും. 90 മിനിറ്റോളം പരിപാടി നീണ്ടുനിൽക്കും.

പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന സ്വീകരണ പരിപാടിയാണ് അഹ്‌ലൻ മോദി. പങ്കെടുക്കാൻ താത്പര്യമുള്ളവർക്കായി https://ahlanmodi.ae/ എന്ന വെബ്സൈറ്റുവഴിയാണ് രജിസ്‌ട്രേഷൻ. പ്രധാനമന്ത്രിക്ക് പ്രവാസിസമൂഹം നൽകുന്ന ഏറ്റവും വലിയ സ്വീകരണമായാണ് സമ്മേളനം ആസൂത്രണം ചെയ്തിരിക്കുന്നത്.

പരിപാടിയുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി വിവിധ സന്നദ്ധ സമിതികൾ പ്രവർത്തിക്കുന്നുണ്ട്. അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രിയുടെ ഏഴാമത് യു.എ.ഇ. സന്ദർശനമാണിത്. ഏറെ കാത്തിരുന്ന മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ശിലാക്ഷേത്രമായ അബുദാബിയിലെ ബാപ്‌സ് ഹിന്ദുക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ 14-ന് രാവിലെ നടക്കും. വൈകീട്ടാണ് സമർപ്പണ ചടങ്ങ്.

മഹന്ത് സ്വാമി മഹാരാജ് കർമങ്ങൾക്ക് നേതൃത്വം നൽകും. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഉദ്ഘാടന ദിനത്തിൽ പ്രവേശനം. പൊതുജനങ്ങൾക്കുള്ള പ്രവേശനം 18 മുതലായിരിക്കും. അബുദാബി-ദുബായ് പ്രധാന ഹൈവേക്ക് സമീപം അബുമുറൈഖയിലാണ് യു.എ.ഇ.യിലെ ആദ്യത്തെ പരമ്പരാഗത ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.

Top