അ‍ഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ‘അഹിംസ ഇറച്ചി’ പുറത്തിറക്കുമെന്ന് മേനകാ ഗാന്ധി

maneka ghandi

ഹൈദരാബാദ് : വൈദ്യുതിക്കും കമ്പ്യൂട്ടറിനും പിന്നാലെ മറ്റൊരു വിപ്ലവകരമായ കണ്ടുപിടിത്തം ലാബുകളില്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി.

ഇറച്ചിക്ക് വേണ്ടി പശുക്കളേയും മറ്റ് മാടുകളേയും കൊല്ലുന്നത് ഒഴിവാക്കുന്നതിന് പരിഹാര മാര്‍ഗമെന്നോണമാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്.

മൃഗങ്ങളുടെ കോശങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ക്ലീന്‍ മീറ്റ് എന്ന ഇറച്ചി വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് ലാബുകളില്‍ പുരോഗമിക്കുന്നത്. ജീവകഭക്ഷണ സാങ്കേതികവിദ്യ വിപ്ലവങ്ങളുടെ ഭാവി എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മൃഗങ്ങളെ കൊല്ലാതെ തീര്‍ത്തും അവയുടെ കോശങ്ങള്‍ ഉപയോഗിച്ച് മാത്രം നിര്‍മ്മിക്കുന്നതിനാല്‍ ക്ലീന്‍ മീറ്റിനെ അഹിംസാ ഇറച്ചി എന്നാണ് അറിയപ്പെടുന്നത്. കള്‍ച്ചേര്‍ഡ് മീറ്റ് സിന്തറ്റിക്ക് മീറ്റ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. കൃത്യമായ സങ്കേതിക വിദ്യ വികസിപ്പിക്കുകയാണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഹിംസാ ഇറച്ചി വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതിനായി ദ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളികുലാര്‍ ബയോളജി (സിസിഎംബി) എന്ന സ്ഥാപനത്തോട് സാങ്കേതിക വിദ്യ നിര്‍മ്മിക്കുന്നതിനായി നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു.

ലാബില്‍ നിന്നും ഉത്പാദിപ്പിക്കുന്ന അഹിംസാ ഇറച്ചി ഉപയോഗിക്കാന്‍ 66 ശതമാനം ഉപഭോക്താക്കളും തയ്യാറാണെന്ന് മന്ത്രാലയം നടത്തിയ സര്‍വേയില്‍ കണ്ടെത്തി. കൂടാതെ ക്ലീന്‍ മീറ്റ് ടെക്‌നോളജിയില്‍ നിക്ഷേപം നടത്തുന്നതിനായി നിരവധി ഐടി ഭീമന്‍മാര്‍ രംഗത്തെത്തിയതായും മന്ത്രി പറഞ്ഞു.

46 ശതമാനം ആളുകള്‍ അഹിംസാ ഇറച്ചി സ്ഥിരമായി വാങ്ങാന്‍ തയ്യാറാണ്. 53 ശതമാനം ആളുകള്‍ സാധാരണ ഇറച്ചി മാറ്റി അഹിംസാ ഇറച്ചി ഉപയോഗിക്കാന്‍ തയ്യാറാണ്. കോശ നിര്‍മ്മിത ഈറച്ചികള്‍ ലഭ്യമാണെങ്കിലും ഇത് വിപണി വ്യപകമാക്കാന്‍ കഴിയണം. അഹിംസാ ഇറച്ചി വിപണിയില്‍ എത്തിക്കുന്നതിനായി വിദേശ കമ്പനികളെ അനുവദിച്ചല്‍ അത് ചിലവ് കൂടുന്നതിന് കാരണമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Top