അമേരിക്കന്‍ സ്വാധീനം? ഇറാന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യന്‍ കമ്പനികള്‍ പിന്നോട്ട്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിന് ശേഷം ഇന്ത്യ എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഇറാനു പകരം മറ്റ് രാജ്യങ്ങളെ പരിഗണിക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയവും എണ്ണ ഇറക്കുമതിയ്ക്കായി ഇപ്പോള്‍ ഇറാനെ സമീപിച്ച് മുന്നോട്ട് വരുന്നില്ല. മാംഗളൂര്‍ എണ്ണ ശുദ്ധീകരണ ശാലയും മാംഗളൂര്‍ കമ്പനിയും ഇതേ നിലപാടാണ് ഇപ്പോള്‍ പിന്തുടരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ നവംബറിന് മുന്‍പ് എണ്ണ വ്യാപാര രംഗത്ത് ഇന്ത്യ പുതിയ നയങ്ങള്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്.

പരമ്പരാഗതമായി ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ അമേരിക്കയുമായുള്ള സഹകരണമാണ് ഇന്ത്യയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് എന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ഇറാനു പകരം അമേരിക്കയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുമോ എന്ന ചോദ്യത്തിന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. എല്ലാ രാജ്യങ്ങളുമായി സഹകരണം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അമേരിക്കയുമായി പരിഗണനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍-അമേരിക്ക ബന്ധം വീണ്ടും വഷളാകുന്ന സാഹചര്യമാണ് യുഎന്‍ പൊതു സമ്മേളന വേദിയില്‍ കാണാന്‍ സാധിച്ചത്. തങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരുമായി മാത്രമേ സഹകരണം ഉണ്ടാകൂ എന്ന് ഡൊണാള്‍ഡ് ട്രംപ് പ്രസ്ഥാവിച്ചിരുന്നു. ദാരിദ്ര നിര്‍മ്മാര്‍ജ്ജന രംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ ട്രംപ് പ്രശംസിച്ചു.

ചെന്നൈ പെട്രോളിയം കമ്പനിയും ഒക്ടോബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 230,000 ബാരല്‍ ഇറാനിയന്‍ ക്രൂഡോയിലാണ് ചെന്നൈയിലെ രണ്ട് കമ്പനികളിലുമായി ശുദ്ധീകരിക്കുന്നത്.

അതേസമയം, ഇന്ത്യയുമായി സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പ്രസ്ഥാവിച്ചു. ഇറാനില്‍ നിന്നുള്ള സാമ്പത്തിക സഹകരണവും എണ്ണ ഇറക്കുമതിയും തുടരും. സാമ്പത്തിക സഹകരണത്തിനു പുറമേ കൂടുതല്‍ മേഖലയിലേക്ക് ഉഭയകക്ഷി ബന്ധങ്ങള്‍ വിപുലപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗതം, ഷിപ്പിങ്ങ് തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും മികച്ച സഹകരണമാണെന്നും, ചാബഹറിലെ ഇന്ത്യയുടെ സാന്നിധ്യം പ്രധാനപ്പെട്ടതാണെന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എണ്ണ വ്യാപാരത്തില്‍ ഇന്ത്യയുടെ നിലപാട് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. അമേരിക്കയും ഇറാനും ഒരു പോലെ കടുത്ത നിലപാടിലേയ്ക്ക് പോയാല്‍ അത് ഇന്ത്യയെ പ്രതിരോധത്തിലാക്കും.

Top