മോദി- ഷീ ജിന്‍പിങ് കൂടിക്കാഴ്ചയ്ക്ക് മുമ്പ് കശ്മീര്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി ചൈന

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മുന്നോട്ടുള്ള വഴി എന്ന നിലയില്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച നടത്തണമെന്ന് ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ച ചെന്നൈയില്‍ നടക്കാനിരിക്കെയാണ് കശ്മീര്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി ചൈന രംഗത്ത് വന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജിന്‍പിങ് വെള്ളിയാഴ്ചയാണ് ഇന്ത്യയിലെത്തുക.

2018 ഏപ്രിലില്‍ ചൈനയിലെ വുഹാനില്‍ വെച്ച് നടന്ന ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം പതിപ്പാണ് ചെന്നൈയിലെ മഹാബലിപുരത്ത് നടക്കുന്നത്.

ഇന്ത്യയും ചൈനയും അന്യേന്യം പ്രധാനപ്പെട്ട അയല്‍രാജ്യങ്ങളാണ്. രണ്ടു രാജ്യങ്ങളും വളര്‍ന്നുവരുന്ന പ്രധാന വിപണികളുമാണ്. വുഹാന്‍ ഉച്ചകോടിക്ക് ശേഷം ഇന്ത്യ-ചൈന ബന്ധം ഏറെ മുന്നേറിയതായും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തമാണ്. പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി കശ്മീര്‍ ഉള്‍പ്പടെയുള്ള തര്‍ക്ക വിഷയങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച നടത്തി പരിഹരിക്കണം. – ഗെങ് ഷുവാങ് കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ ചൈന സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് ചൈന നിലപാട് മയപ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്. നേരത്തെ വിഷയത്തില്‍ പാക്കിസ്ഥാന് അനുകൂലമായ നിലപാടായിരുന്നു ചൈന സ്വീകരിച്ചിരുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങ് ചെന്നൈയിലെത്തും. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മഹാബലിപ്പുരത്തെ റിസോര്‍ട്ടിലാണ് നാല്‍പത് മിനിറ്റോളം നീളുന്ന സൗഹൃദ സംഭാഷണം. നയതന്ത്ര പ്രതിനിധികളും വ്യവസായികളുമടങ്ങുന്ന സംഘം രണ്ട് ദിവസം പൈതൃകനഗരിയിലുണ്ടാകും.

വ്യാപാര മേഖലയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കും. അതിര്‍ത്തി സുരക്ഷ, കശ്മീര്‍ വിഷയം ഭീകരവാദവും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ.

റോഡുകളെല്ലാം മുഖം മിനുക്കി കഴിഞ്ഞു. യുനസ്‌കോയുടെ പൈതൃകപട്ടികയിലുള്ള സ്ഥലങ്ങളിലെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന തിരക്കിലാണ്. ചൈനയില്‍ നിന്നുള്ള സുരക്ഷ സംഘം കഴിഞ്ഞ ദിവസം മഹാബലിപുരത്തെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.പഞ്ചരഥ ശില്‍പം, തീരക്ഷേത്രം, അര്‍ജുന ഗുഹ,മുക്കുവ ഗുഹ തുടങ്ങിയ മഹാബലിപുരത്തിന്റെ വിസ്മയങ്ങള്‍ ഉച്ചക്കോടിക്കിടെ ഇരുേനതാക്കളും ഒന്നിച്ചു സന്ദര്‍ശിക്കും.

കനത്ത സുരക്ഷയിലാണ് മഹാബലിപുരം. വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ട്. ചൈനീസ് പ്രസിഡന്റിന് എതിരായ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തിബറ്റന്‍ ആക്ടിവിസ്റ്റ് തെന്‍സില്‍ സുന്‍ന്ത്യുവിനെയും എട്ട് വിദ്യാര്‍ത്ഥികളെയും തമിഴ്നാട് പൊലീസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു.

Top