രാഹുലിന്റെ ബാങ്കോക്ക് യാത്ര; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബാങ്കോക്കിലേക്ക് പോയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍ നില്‍ക്കേണ്ട സമയത്താണ് രാഹുലിന്റെ യാത്ര എന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയര്‍ന്നത്. വിസ്താര വിമാനത്തില്‍ രാഹുല്‍ഗാന്ധി ശനിയാഴ്ച ബാങ്കോക്കിലേക്ക് പോയത്.

എന്നാല്‍ രാഹുലിന്റെ ബാങ്കോക്ക് യാത്ര പാര്‍ട്ടി അണികള്‍ക്കിടയിലും വലിയ ചര്‍ച്ചയായി മാറിയതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. ഒക്ടോബര്‍ 11ന് ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പാര്‍ട്ടി അറിയിക്കുന്നത്. മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് പ്രചാരണത്തിനായി രാഹുല്‍ എത്തും.

ഒരാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ പൊതുജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് രാഹുലിന്റെ യാത്രയെപ്പറ്റി കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി ട്വീറ്റ് ചെയ്തു.

ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയിലെയും ഹരിയാണയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍. രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനും ഹരിയാണ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായിരുന്ന അശോക് തന്‍വാര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത് കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രാഹുല്‍ വളര്‍ത്തിക്കൊണ്ടുവന്ന നേതാക്കളെ പാര്‍ശ്വവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം തന്‍വാര്‍ ഉന്നയിച്ചിരുന്നു.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമും കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ഗാന്ധിയുടെ വിശ്വസ്തരെ അവഗണിക്കുന്നുവെന്ന ആരോപണമാണ് അദ്ദേഹവും ഉയര്‍ത്തിയത്.

Top