‘നന്നായി പ്രവര്‍ത്തിക്കാനായി, വളരെ സന്തോഷം’;അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം:മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജി വെച്ചു. മന്ത്രിയായുള്ള രണ്ടരവര്‍ഷത്തെ കാലയളവില്‍ നന്നായി പ്രവര്‍ത്തിക്കാനായെന്ന് അഹമ്മദ് ദേവര്‍കോവില്‍. വളരെ സന്തോഷത്തോടെയാണ് പടിയിറക്കമെന്നും രാജിയെല്ലാം എല്‍.ഡി.എഫിന്റെ തീരുമാനമാണെന്നും മുഖ്യമന്ത്രിക്ക് രാജിക്കത്ത് സമര്‍പ്പിക്കുന്നതിന് മുന്‍പ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

”എല്‍.ഡി.എഫ്. ആണ് തന്നെ മന്ത്രിയാക്കിയത്. ഇന്ന് എല്‍.ഡി.എഫ്. യോഗം ചേരുന്നുണ്ട്. ആ യോഗത്തിന്റെ തീരുമാനം എന്താണോ അത് നടപ്പിലാക്കും. തന്റെ ടേം പൂര്‍ത്തിയാക്കി. നന്നായി പ്രവര്‍ത്തിക്കാനായി. വളരെ സന്തോഷം”- അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ഐ.എന്‍.എല്ലിന്റെ ആദ്യമന്ത്രിയായ അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലെത്തിയത്. തുറമുഖം, മ്യൂസിയം, പുരാവസ്തു അടക്കമുള്ള വകുപ്പുകളാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ടം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചതും ഇക്കാലയളവിലായിരുന്നു.

എല്‍.ഡി.എഫിലെ മുന്‍ധാരണപ്രകാരമാണ് രണ്ടരവര്‍ഷത്തിന് ശേഷം അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിസ്ഥാനം ഒഴിയുന്നത്. കോണ്‍ഗ്രസ്(എസ്) അധ്യക്ഷനും മുന്‍മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനാകും അഹമ്മദ് ദേവര്‍കോവിലിന് പകരം മന്ത്രിസഭയിലെത്തുകയെന്നാണ് സൂചന. ഒന്നാം പിണറായി സര്‍ക്കാരിലും കടന്നപ്പള്ളി തുറമുഖ മന്ത്രിയായിരുന്നു.

Top