ഗൂഢാലോചനകള്‍. . അഗസ്ത്യാര്‍കൂടത്തിലേക്ക് പോവുന്ന പെണ്ണുങ്ങളെ ആര്‍ക്കാണ് പേടി?

ഗസ്ത്യാര്‍കൂടത്തിലേക്ക് പെണ്ണ് കയറുന്നതിനെ ആരാണ് പേടിക്കുന്നത്. ആദിവാസി മഹാസഭയോ അഗസ്ത്യമലയിലെ ആദിവാസി വിഭാഗമോ അതോ സംഘപരിവാറോ? ശബരിമലയില്‍ സ്ത്രീപ്രവേശം സാധ്യമായതിന്റെ ക്ഷീണത്തിലിരിക്കുന്ന സംഘപരിവാര്‍ സംഘടനകളാണ് അഗസ്ത്യാര്‍കൂടത്തെയും കലാപഭൂമിയാക്കാന്‍ ഒരുങ്ങുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ബിജെപി മുന്‍ സംസ്ഥാനനേതാവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് രഹസ്യചര്‍ച്ചകള്‍ നടക്കുന്നു., അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകള്‍ക്ക് തങ്ങളുടെ ജഡത്തിന് മുകളിലൂടെയേ കടക്കാനാവൂ എന്ന് ആദിവാസി മഹാസഭയുടെ പ്രസ്താവന വരുന്നു.

എന്തു വിലകൊടുത്തും സ്ത്രീപ്രവേശം തടയുമെന്ന് അഗസ്ത്യമലയിലെ ആദിവാസികളായ കാണിവിഭാഗത്തിന്റെ മുന്നറിയിപ്പും പിന്നാലെ എത്തുന്നു. സാഹചര്യം സുവ്യക്തം. കൃത്യമായ പ്ലാനിംഗോടെ അഗസ്ത്യാര്‍കൂടത്തിലേക്കുള്ള സ്ത്രീപ്രവേശത്തെ തടയാന്‍ ആരോ കരുക്കള്‍ നീക്കിത്തുടങ്ങിയിരിക്കുന്നു!

ആചാരലംഘനമാണ് ഇവിടെയും ഉയര്‍ത്തിക്കാട്ടുന്ന വിഷയം. എന്ത് ആചാരലംഘനം എന്നതിന് മാത്രം വ്യക്തമായ ഉത്തരമില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അഗസ്ത്യാര്‍കൂടത്തിലേക്ക് ലിംഗഭേദമന്യേ ആളുകള്‍ യാത്ര ചെയ്തിരുന്നതായി ചരിത്ര രേഖകള്‍ പറയുന്നു. പിന്നെ എവിടെയാണ് ആചാരലംഘനം?

1980കളിലാണ് സര്‍ക്കാരും വനംവകുപ്പും ചേര്‍ന്ന് അഗസ്ത്യാര്‍കൂടം ട്രക്കിങ് ആരംഭിക്കുന്നത്. 2015ല്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചപ്പോഴാണ് സ്ത്രീകള്‍ക്ക് ട്രക്കിങ്ങിന് അനുമതി നല്കാറില്ലെന്നത് വാര്‍ത്തയാവുന്നത്. കാരണം തിരക്കിയവരോട് സര്‍ക്കാര്‍ പറഞ്ഞത് മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ട് സ്ത്രീകളെ അങ്ങോട്ടേക്ക് കയറ്റിവിടാറില്ല എന്നാണ്.

കോടതിവിധിയിലൂടെ യാത്രാവിലക്ക് നീങ്ങിയതാടെ പതിനഞ്ചിലധികം സ്ത്രീകളാണ് അഗസ്ത്യാര്‍കൂടം കയറാന്‍ തയ്യാറായിരിക്കുന്നത്. അപ്പോഴാണ് ആചാരലംഘനത്തിന്റെ പേരും പറഞ്ഞുള്ള തടസ്സം സൃഷ്ടിക്കല്‍.

തങ്ങളുടെ ആരാധനാസ്ഥലം അശുദ്ധപ്പെടുമെന്നാണ് ആദിവാസി വിഭാഗം നിരത്തുന്ന ന്യായീകരണം. ട്രക്കിങ്ങിന് വേണ്ടി മാത്രം പോവുന്ന തങ്ങള്‍ എങ്ങനെ ആരാധനാസ്ഥലം അശുദ്ധപ്പെടുത്തുന്നവരാകുമെന്ന് സ്ത്രീകള്‍ ചോദിക്കുമ്പോള്‍ ഉത്തരമില്ല. അല്ലെങ്കില്‍ത്തന്നെ വര്‍ഷം തോറും 50,000ത്തിനടുത്ത് പുരുഷന്മാര്‍ കയറുമ്പോള്‍ അശുദ്ധപ്പെടാത്ത സ്ഥലം സ്ത്രീകള്‍ കയറുമ്പോള്‍ മാത്രം അശുദ്ധപ്പെടുനന്നതെങ്ങനെയാണ്. പ്രകൃതി എല്ലാവരുടേതുമല്ലേ?

ഇവിടെയാണ് ലിംഗവിവേചനം മാത്രമാണ് കാര്യങ്ങള്‍ക്ക് കാരണമെന്ന ബോധ്യം കേള്‍ക്കുന്ന ഏതൊരാള്‍ക്കും ഉണ്ടാവേണ്ടത്. ആചാരലംഘനമെന്ന പുകമറ സൃഷ്ടിച്ച് ശബരിമലയില്‍ പാളിപ്പോയ പദ്ധതിയെ കൂടുതല്‍ പൊടിപ്പും തൊങ്ങലും വച്ച് പൊടിതട്ടിയെടുത്തിരിക്കുകയാണ് സംഘപരിവാര്‍ ശക്തികള്‍.

പ്ലാന്‍ ബിയുമായി അവരെത്തുന്നത് നാമജപഘോഷയാത്ര, സ്ത്രീകളുടെ നേതൃത്വത്തിലുള്ള യജ്ഞം തുടങ്ങിയവ സംഘടിപ്പിച്ചുകൊണ്ടാണ്. ആചാരസംരക്ഷണമെന്ന ബാനറിന്‍ കീഴില്‍ ,ഇല്ലാത്ത ആചാരലംഘനത്തെ അണിനിരത്തുമ്പോള്‍ അത് നവോത്ഥാനമൂല്യങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളി തന്നെയാണ്!

political reporter

Top