AgustaWestland scam: Middleman Michel’s jottings name ‘beneficiaries’

ന്യൂഡല്‍ഹി: നോട്ട് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ്സ് നേതൃത്വത്തെയും വെട്ടിലാക്കി കേന്ദ്രസര്‍ക്കാര്‍.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ മുന്‍ വ്യോമസേനാ മേധാവി എസ്പി ത്യാഗിയെ അറസ്റ്റ് ചെയ്ത സിബിഐ, ഇടനിലക്കാരന്റെ വെളിപ്പെടുത്തലില്‍ മന്‍മോഹന്‍ സിങ്ങ്, സോണിയാ ഗാന്ധി, അവരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേല്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്.ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് സൂചന.

ഒരു വിട്ട് വീഴ്ചക്കും തയ്യാറാവാതെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും വ്യക്തിപരമായി പോലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്ത കോണ്‍ഗ്രസ്സ് നേതൃത്വത്തോടും സമാന നിലപാട്‌സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് ബിജെപി നേതൃത്വം.

ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 114 കോടി വിവാദ രൂപ ഇടപാടുമായി ബന്ധപ്പെട്ട് കോഴ നല്‍കിയതായി അഗസ്റ്റ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിച്ചലിന്‍ തന്റെ ഡയറിയിലൂടെയാണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 3600 കോടിയുടെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടു നടന്നത്. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടത്.

മിച്ചലിന്റെ ഡയറിയുടെയും ഇമെയിലുകളുടെയും പകര്‍പ്പുകള്‍ ഇന്ത്യാടുഡേ ചോര്‍ത്തുകയായിരുന്നു. ഇറ്റാലിയന്‍ പൊലീസ് പിടികൂടിയ രേഖകള്‍ കേസ് അന്വേഷിക്കുന്ന സിബിഐക്കു പിന്നീട് കൈമാറി. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടു സ്വന്തമാക്കാനായി മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക ഇന്ത്യയിലെ ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും കൈക്കൂലി കൊടുക്കുകയായിരുന്നുവെന്നാണു മിച്ചെല്‍ ഡയറിയിലൂടെ വ്യക്തമാക്കിയിരുന്നത്.

അധികാരസ്ഥാനങ്ങളിലുണ്ടായിരുന്നതും ഇല്ലാത്തതുമായ നേതാക്കള്‍ക്കാണു പണം നല്‍കിയിരിക്കുന്നത്. 2008 മാര്‍ച്ച് പതിനഞ്ചിന്റെ താളിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. 114 കോടി രൂപ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബത്തിനു നല്‍കിയെന്നും 21 കോടി എപി എന്നു പേരായ നേതാവിനു നല്‍കിയെന്നുമാണ് പരാമര്‍ശം. ഇത് അഹമ്മദ് പട്ടേലിനെ ഉദ്ദേശിച്ചാണെന്നാണ് ഇന്ത്യ ടുഡെ നല്‍കുന്ന സൂചന

വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് 59 കോടിയും വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് 43 കോടി രൂപയും നല്‍കിയെന്നും മിച്ചെല്‍ പറയുന്നുണ്ട്. കോണ്‍ട്രാക്ട് നെഗോസിയേഷന്‍ കമ്മിറ്റിയുടെ യോഗത്തിലെ വിശദാംശങ്ങളും മിച്ചെലിന് അറിയാമായിരുന്നെന്നും ഡയറിയില്‍ സൂചനകളുണ്ട്.

റഷ്യന്‍, അമേരിക്കന്‍ ഹെലികോപ്റ്റര്‍ കമ്പനികളുമായുള്ള ഇടപാടില്‍നിന്ന് ഇന്ത്യയെ പിന്തിരിപ്പിച്ച് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി ഇടപാടിനായി രാജ്യത്ത് നിര്‍ണായകശക്തികളെയെല്ലാം സ്വാധീനിച്ചു എന്നാണ് ഡയറിയിലെ രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.

വ്യോമസേനാ ഉപമേധാവിയടക്കമുള്ള നാല് ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് സൈന്യത്തില്‍ പണം നല്‍കിയത്. പ്രതിരോധ സെക്രട്ടറി, വ്യോമസേന ജോയിന്റ് സെക്രട്ടറി, വ്യോമസേനാ ഉപസാമ്പത്തികോപദേഷ്ടാവ്, അക്വിസിഷന്‍സ് ഡയറക്ടര്‍ ജനറല്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍, ഓഡിറ്റര്‍ ജനറല്‍ എന്നിവര്‍ക്കും കൈക്കൂലി നല്‍കി. വിവിധഘട്ടങ്ങളില്‍ എതിര്‍പ്പുകള്‍ ഒഴിവാക്കാനും സ്വാധീനിക്കാനുമെല്ലാം കൈക്കൂലി നല്‍കുകയായിരുന്നെന്നാണ് രേഖകള്‍ ചൂണ്ടിക്കാണിക്കുന്നത്.

വ്യോമസേനാ മുന്‍ മേധാവിയായിരുന്ന എസ് പി ത്യാഗി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ ക്രമക്കേടു കാട്ടിയെന്നും ഔദ്യോഗിക പദവിയിലിരിക്കേ ഭൂമിയില്‍ പണം നിക്ഷേപിച്ചെന്നും സിബിഐ കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.

വരുന്ന യുപി,ഗുജറാത്ത് ഉള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിലുമെല്ലാം കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കാന്‍ അഗസ്റ്റാ ഇടപാട് കൊണ്ട് മാത്രം കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാംപ്.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും സോണിയാ ഗാന്ധിയും അടക്കമുള്ളവരെ ചോദ്യം ചെയ്തതിന് ശേഷം പ്രതിയാക്കണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് സിബിഐയാണ്. പ്രതിയാക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കില്ലയെന്നത് മുന്‍വ്യോമ സേന മേധാവിയുടെ അറസ്‌റ്റോടെ ഇപ്പോള്‍ വ്യക്തമായിരിക്കുകയുമാണ്. ഇതോടെ പന്ത് നരേന്ദ്ര മോദിയുടെ ക്വാര്‍ട്ടിലെത്തിയിരിക്കുകയാണ്.

Top