AgustaWestland case: Non-bailable warrant issued against middleman

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കല്‍ ജയിംസിനെതിരെ ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

കമ്പനിയ്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ 225 കോടി രൂപ ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ കയ്യില്‍ നിന്നും സ്വീകരിച്ചെന്നായിരുന്നു കേസ്. ബ്രിട്ടീഷ് പൗരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ പ്രതിയാക്കി 2016 ജൂണിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്.

ശനിയാഴ്ച കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി 22ന് ആണ് ഇനി കേസില്‍ കോടതി വാദം കേള്‍ക്കുക.

ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മൂന്ന് ഇടനിലക്കാരില്‍ ഒരാളാണ് ക്രിസ്റ്റിയന്‍ മിഷേല്‍. ഗുയ്‌ഡോ ഹസ്ച്‌കേ, കാര്‍ലോ ജെറോസാ എന്നിവരാണ് മറ്റു രണ്ടുപേര്‍. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ്, അവരുടെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക എന്നിവര്‍ക്ക് വേണ്ടിയാണ് മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയാണ് അഗസ്ത വെസ്റ്റ്‌ലന്‍ഡ്. 12 ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറാണ് 2010ല്‍ കമ്പനിയുമായി ഇന്ത്യ ഒപ്പിട്ടത്. കരാര്‍ ലഭിക്കാന്‍ 375 കോടി രൂപ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയെന്ന കേസില്‍ കമ്പനിയധികൃതരെ ശിക്ഷിച്ച് അടുത്തിടെ ഇറ്റാലിയന്‍ കോടതി വിധി പ്രഖ്യാപിച്ചിരുന്നു

Top