അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ച് രാഹുലിനെതിരെ മോദിയുടെ പൂഴിക്കടകന്‍

ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതികൂട്ടിലാക്കിയ രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും തിരിച്ചടി നല്‍കാന്‍ അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിയിലെ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു.

രാത്രി തന്നെ ചോദ്യം ചെയ്യല്‍ കഴഞ്ഞ് സി.ബി.എെ രാവിലെ ക്രിസ്റ്റ്യനെ കോടതിയില്‍ ഹാജരാക്കും.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 450 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയില്‍ കോണ്‍ഗ്രസിനെ പ്രതികൂട്ടിലാക്കാനുള്ള ചാണക്യനീക്കമാണ് നരേന്ദ്രമോദി നടത്തിയത്.

പ്രധാനമന്ത്രി മോദിയുടെ ശക്തമായഇടപെടലോടെയാണ് കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ അറസ്റ്റിലായ മിഷേലിനെ ഇന്ത്യയിലേക്ക് നാടുകടത്താനായി യു.എ.ഇ ഭരണകൂടം തീരുമാനിച്ചത്.

രാഷ്ട്രീയ അഭയം നല്‍കാതെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചുകഴിഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നു രാത്രി തന്നെ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കയറ്റിവിടും. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെയും ഐ.ബിയുടെയും ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

യു.പി.എ ഭരണകാലത്തെ വന്‍ അഴിമതിയായിരുന്നു അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതി. വി.വി.ഐപികള്‍ക്ക് സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 450 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്.

മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെയാണ് അഗസ്റ്റ വെസ്റ്റ്‌ലാന്റ് കമ്പനിയുമായി കരാറിലായത്. അഗസ്റ്റയുടെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക എന്ന ഇറ്റാലിയന്‍ കമ്പനി അധികൃതര്‍ ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുമായും വ്യോമസേന ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടെന്നും ഇതിന് ഇടനിലനിന്നത് മിഷേലാണെന്നുമായിരുന്നു ആരോപണം. അഴിമതി ആരോപണത്തെ തുടര്‍ന്ന് 2013 കേന്ദ്രം കരാര്‍ റദ്ദു ചെയ്തിരുന്നു.

ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് 59000 കോടി രൂപയുടെ കരാറാണ് കേന്ദ്രസര്‍ക്കാരുണ്ടാക്കിയത്. ഇതുവഴി 18000 കോടിയുടെ അഴിമതിയാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഒരു റാഫേല്‍ യുദ്ധവിമാനത്തിന് 526 കോടി രൂപക്ക് യു.പി.എ സര്‍ക്കാര്‍ കരാര്‍ ഉറപ്പിച്ചതെങ്കില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഇപ്പോള്‍ വാങ്ങുന്നത് 1600 കോടിക്കാണെന്നാണ് രാഹുല്‍ഗാന്ധി ആരോപിച്ചത്.

രാജ്യത്തിന്റെ കാവല്‍ക്കാരനല്ല കള്ളനാണ് മോദിയെന്നും രാഹുല്‍ കടന്നാക്രമിച്ചിരുന്നു. റാഫേല്‍ അഴിമതി ആരോപണം ഉയര്‍ത്തിയ രാഹുലിനും കോണ്‍ഗ്രസിനുംനേരെ കടന്നാക്രമണം നടത്താനുള്ള വജ്രായുധമാക്കും മോദി വെസ്റ്റ്‌ലാന്റ്.

Top