ഇനി . . അഴിമതികളുടെ കാണാപ്പുറങ്ങളും പുറത്തേക്ക്, നിർണ്ണായക നീക്കങ്ങൾ

ന്യൂഡല്‍ഹി : റാഫേല്‍ ഇടപാടില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ കോണ്‍ഗ്രസ്സിനെ അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ കുരുക്കാന്‍ ബി.ജെ.പി നടത്തിയ നീക്കം രണ്ടു അഴിമതികഥകളും പുറത്തു വരാന്‍ കളമൊരുക്കിയിരിക്കുകയാണിപ്പോള്‍.

യു.പി.എ സര്‍ക്കാറിന്റെ കാലത്തു നടന്ന അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ദുബായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഇന്ത്യയില്‍ എത്തിച്ചത്. ഇയാളെ ചോദ്യം ചെയ്യുന്ന സി.ബി.ഐക്ക് നിരവധി വിലപ്പെട്ട വിവരങ്ങള്‍ ഇതിനകം തന്നെ ലഭിച്ചു കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.

മിഷേല്‍ സംസാരിച്ച് തുടങ്ങി കഴിഞ്ഞാല്‍ എന്തൊക്കെ രഹസ്യങ്ങളാകും പുറത്തു വരിക എന്ന് ആര്‍ക്കറിയാമെന്ന് രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി വ്യക്തമാക്കിയിരിക്കുന്നത്. ഈ ഇടപാട് സംബന്ധിച്ച് കോണ്‍ഗ്രസ്സ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകള്‍ ഇതിനകം തന്നെ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചു കഴിഞ്ഞതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അഗസ്റ്റയുടെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക എന്ന ഇറ്റാലിയന്‍ കമ്പനി അധികൃതര്‍ ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുമായും വ്യോമസേന ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടെന്നും ഇതിന് ഇടനിലനിന്നത് മിഷേലാണെന്നുമായിരുന്നു ആരോപണം. അഴിമതി ആരോപണത്തെ തുടര്‍ന്ന് 2013ല്‍ കേന്ദ്രം കരാര്‍ റദ്ദു ചെയ്തിരുന്നു.

പ്രധാനമന്ത്രി മോദിയുടെ ശക്തമായഇടപെടലോടെയാണ് കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ അറസ്റ്റിലായ മിഷേലിനെ ഇന്ത്യയിലേക്ക് നാടുകടത്താനായി യു.എ.ഇ ഭരണകൂടം തയ്യാറായത്.

ക്രിസ്റ്റ്യന്‍ മിഷേലിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ അയാള്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ പങ്ക് വ്യക്തമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കര്‍ കരുതുന്നത്.

കല്‍ തുറങ്കിലേക്ക് കോണ്‍ഗ്രസ്സ് നേതാക്കളെ പ്രത്യേകിച്ച് ഗാന്ധി കുടുംബത്തെയും നയിക്കുമെന്ന വ്യക്തമായ അജണ്ട മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കുക എന്നതാണ് ആദ്യ ലക്ഷ്യം. ലോകസഭ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള വിഭവങ്ങളും ഈ കേസില്‍ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയും ബി.ജെ.പി നേതാക്കള്‍ക്കുണ്ട്.

റാഫേല്‍ യുദ്ധവിമാന ഇടപാടാണെങ്കില്‍, അഗസ്ത വെസ്റ്റിലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്ടര്‍ അഴിമതിയാണ്. ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് 59000 കോടി രൂപയുടെ കരാറാണ് കേന്ദ്രസര്‍ക്കാരുണ്ടാക്കിയത്. ഇതുവഴി 18000 കോടിയുടെ അഴിമതിയാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഒരു റാഫേല്‍ യുദ്ധവിമാനത്തിന് 526 കോടി രൂപക്ക് യു.പി.എ സര്‍ക്കാര്‍ കരാര്‍ ഉറപ്പിച്ചതെങ്കില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഇപ്പോള്‍ വാങ്ങുന്നത് 1600 കോടിക്കാണെന്നാണ് രാഹുല്‍ഗാന്ധി ആരോപിച്ചത്. രാജ്യത്തിന്റെ കാവല്‍ക്കാരനല്ല കള്ളനാണ് മോദിയെന്നും രാഹുല്‍ കടന്നാക്രമിച്ചിരുന്നു.

രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍ തുടങ്ങിയവര്‍ക്കു വേണ്ടി 12 വിവിഐപി ഹെലികോപ്ടര്‍ വാങ്ങാന്‍ മന്‍മോഹന്‍ സര്‍ക്കാറാണ് അഗസ്ത വെസ്റ്റ് ലാന്‍ഡുമായി കരാര്‍ ഒപ്പിട്ടത്. 3600 കോടി രൂപയായിരുന്നു കരാര്‍ തുക. ഇടനിലക്കാരനായ മിഷേലിനെ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ സ്വാധീനിക്കാനാണ് അഗസ്ത വെസ്റ്റ് ലാന്‍ഡ് നിയോഗിച്ചതെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്.

രാജസ്ഥാനിലും മധ്യപ്രദേശിലും ഉള്‍പ്പെടെ ഭരണപക്ഷമായ ബി.ജെ.പി കടുത്ത മത്സരം നേരിടുന്ന പശ്ചാത്തലത്തിലാണ് നാടകീയ നീക്കങ്ങള്‍ കേന്ദ്ര ഏജന്‍സികളായ സി.ബി.ഐയും റോയും ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

അതേസമയം അഴിമതിയുടെ കാര്യത്തില്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് ബി.ജെ.പിയും കോണ്‍ഗ്രസ്സും എന്നത് റാഫേല്‍ – അഗസ്ത വെസ്റ്റിലാന്‍ഡ് ഇടപാടുകളിലൂടെ വ്യക്തമായി കഴിഞ്ഞതായാണ് സി.പി.എം ആരോപിക്കുന്നത്. രണ്ട് അഴിമതിയും ചൂണ്ടിക്കാട്ടി ഇടതുപക്ഷവും ശക്തമായ പ്രചരണമാണ് നടത്തി വരുന്നത്. ഈ അഴിമതി ആരോപണങ്ങള്‍ എല്ലാം പുറത്തു വരുന്നത് കേന്ദ്രത്തില്‍ മൂന്നാം ബദലിനെ ശക്തിപ്പെടുത്തുമെന്ന നിലപാടിലാണ് ഇടതുപക്ഷം.

Top