Agüero hat-trick inspires Manchester City against Borussia Mönchengladbach

ലണ്ടന്‍/മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ജയത്തോടെ തുടക്കം.

ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ സിറ്റി സെര്‍ജ്യോ അഗ്യൂറോയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയ മോഷ്ബ്ലാച്ചിനെ 4-0നു കീഴടക്കി. 8, 28 (പെനാല്‍റ്റി), 77 മിനിറ്റുകളിലായിരുന്നു അഗ്യൂറോയുടെ ഗോളുകള്‍ പിറന്നത്.

ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ കെലെചി ഇഹനാച്ചോയുടെ വകയായിരുന്നു സിറ്റിയുടെ നാലാം ഗോള്‍. ഗ്രൂപ്പില്‍ സെല്‍റ്റിക്കിനെ 7-0നു കീഴടക്കിയ ബാഴ്‌സലോണയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.

ഗ്രൂപ്പ് എഫില്‍ ഒരു ഗോളിനു പിന്നില്‍നിന്നശേഷം സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണബ്യൂവില്‍ റയല്‍ മാഡ്രിഡ് ജയം സ്വന്തമാക്കി. സ്‌പോര്‍ട്ടിംഗിനോടായിരുന്നു റയലിന്റെ ജയം, 2-1. 47-ാം മിനിറ്റില്‍ ബ്രൂണൊ സീസറിലൂടെ മുന്നില്‍കടന്ന സ്‌പോര്‍ട്ടിംഗിനെ 89-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലൂടെ റയല്‍ സമനിലയില്‍ പിടിച്ചു.

തുടര്‍ന്ന് ഇഞ്ചുറിടൈമിന്റെ നാലാം മിനിറ്റില്‍ അല്‍വാരൊ മൊറാട്ടയുടെ ഗോളിലൂടെ റയല്‍ ജയം സ്വന്തമാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ട് 6-0ന് ലെഗിയ വാഴ്‌സോയെ കീഴടക്കി. ഗോള്‍ ശരാശരിയില്‍ ബൊറൂസിയയാണ് ഗ്രൂപ്പിന്റെ തലപ്പത്ത്.

ഗ്രൂപ്പ് ജിയില്‍ നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ലീസ്റ്റര്‍ സിറ്റി എവേ പോരാട്ടത്തില്‍ 3-0നു ക്ലബ് ബ്രൂഗിയെ കീഴടക്കി. ഗ്രൂപ്പ് എച്ചില്‍ യുവന്റസും സെവിയ്യയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ഇയില്‍ എഎസ് മൊണാക്കോ 2-1ന് ടോട്ടനത്തെ കീഴടക്കി.

Top