കാര്‍ഷിക ബില്‍; സംയുക്ത കര്‍ഷക സംഘടനകളുടെ ദേശീയ പ്രക്ഷോഭം ഇന്ന്

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ പ്രക്ഷോഭം ഇന്ന് നടക്കും. പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ മേഖലകളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണകളും പ്രകടനങ്ങളും നടക്കും.

കര്‍ഷക സംഘടനകള്‍ സംയുക്തമായി ഡല്‍ഹിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധ റാലി നടത്തും. പഞ്ചാബില്‍ കര്‍ഷകര്‍ ഇന്നലെ മുതല്‍ ട്രെയിന്‍ തടയല്‍ സമരം തുടരുകയാണ്. കോണ്‍ഗ്രസും ഇന്നലെ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. 28ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ചും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2ന് കര്‍ഷക തൊഴിലാളി രക്ഷാദിനമായി ആചരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.

രാവിലെ 11 മണിയോടെ മൈസൂരു സര്‍ക്കിളിലേക്ക് പ്രതിഷേധ റാലിയായി സമരക്കാരെത്തും. സംസ്ഥാന ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയതിനെയും കര്‍ഷകര്‍ എതിര്‍ക്കുന്നു.

കാര്‍ഷിക ബില്ലുകളെ എതിര്‍ത്ത് കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന ബന്ദിന് പിന്തുണയുമായി കര്‍ണാടകത്തിലും ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. ദിവസങ്ങളായി ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.

Top