കാര്‍ഷിക ബില്ല്; തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് മോദി

ന്യൂഡല്‍ഹി: കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലുകളെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ വിവരങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബില്ലുകളുമായി ബന്ധപ്പെട്ട് വലിയ കര്‍ഷക പ്രതിഷേധം നടക്കുകയും മന്ത്രിസഭയില്‍ നിന്ന് അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അരിയും ഗോതമ്പും സര്‍ക്കാര്‍ ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കില്ലെന്ന പ്രചാരണവും തെറ്റാണ്. ഇത് പച്ചക്കള്ളമാണെന്നും കര്‍ഷകരെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ഇത്തരം തെറ്റായ പ്രചാരണങ്ങളേപ്പറ്റി ജാഗ്രതപുലര്‍ത്തണമെന്നും മോദി കര്‍ഷകരോട് ആവശ്യപ്പെട്ടു. കര്‍ഷകരെ അവരുടെ ദുരിതത്തില്‍ നിലനിര്‍ത്തുകയും ചൂഷണം ചെയ്യുകയുമാണ് ഇത്തരക്കാരുടെ ഉദ്ദേശ്യം. കര്‍ഷകരെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും വളരെയധികം സംസാരിക്കുന്ന ഇവര്‍ പതിറ്റാണ്ടുകളായ് അധികാരത്തിലിരുന്നിട്ടും കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മോദി ആരോപിച്ചു. മിനിമം താങ്ങുവിലയിലൂടെ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പുനല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ ചരിത്രപരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

Top