കാര്‍ഷിക ബില്‍ പാസ്സാക്കുന്നത് യാതൊരു ചര്‍ച്ചയുമില്ലാതെ; ആരോപണവുമായി ഉമ്മന്‍ ചാണ്ടി

കോട്ടയം: കാര്‍ഷിക ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നോട്ടുനിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയപോലെ യാതൊരു തയ്യാറെടുപ്പും ഇല്ലാതെയാണ് ബിജെപി കാര്‍ഷിക ബില്ലുമായി മുന്നോട്ടു പോകുന്നതെന്ന് ഉമ്മന്‍ ചാണ്ടി. കാര്‍ഷിക ബില്ല് രാജ്യത്തെ വലിയ പുരോഗതിയിലേക്ക് നയിക്കുമെന്നാണ് നരേന്ദ്ര മോദി പറയുന്നത്. അങ്ങനെയാണെങ്കില്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്തിനാണ് മോദി ഭയക്കുന്നത്- അദ്ദേഹം ചോദിച്ചു.

ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുകയാണ് ചെയ്തത്. ചര്‍ച്ചയില്ലാതെ ധൃതി പിടിച്ച് നടപ്പാക്കുന്നതുകൊണ്ടാണ് ഇത് കര്‍ഷകര്‍ക്ക് എതിരാണെന്നും കുത്തകകളെ സഹായിക്കാനാണ് എന്നും മറ്റുമുള്ള വിമര്‍ശനം ഉയരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ അവകാശമുള്ള കണ്‍കറന്റ് ലിസ്റ്റിലാണ് കൃഷി ഉള്‍പ്പെടുന്നതെങ്കിലും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ല. നോട്ടുനിരോധനം അര്‍ധരാത്രിയില്‍ നടപ്പാക്കിയപ്പോള്‍ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍ പോലും അറിഞ്ഞില്ല. എണ്ണയിട്ട യന്ത്രം പോലെ ഓടിക്കോണ്ടിരുന്ന സമ്പദ്ഘടനയെ ട്രാക്കില്‍ നിന്നു വലിച്ചെറിയുകയാണ് അന്നു ചെയ്തത്. അതിന്റെ കെടുതിയില്‍ നിന്ന് രാജ്യം കരകയറിയില്ല. തയാറെടുപ്പില്ലാതെ ജിഎസ്ടി നടപ്പാക്കിയതിന്റെ പ്രത്യാഘാതവും രാജ്യം അനുഭവിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി ചൂട്ടിക്കാട്ടി.

Top