കാര്‍ഷിക നിയമ പ്രമേയം; ഒ രാജഗോപാലിനെ ബിജെപി അതൃപ്തി അറിയിക്കും

തിരുവനന്തപുരം: കേരള നിയമസഭയില്‍ അവതരിപ്പിച്ച കാര്‍ഷിക പ്രമേയത്തെ പിന്തുണച്ച ഒ. രാജഗോപാല്‍ എംഎല്‍എയ്ക്ക് എതിരെ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി അറിയിക്കും. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് പൊതുവികാരം. ഇക്കാര്യവും ഒ. രാജഗോപാലിനെ അറിയിക്കും. വിഷയത്തില്‍ കേന്ദ്രം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടും.

കഴിഞ്ഞ ദിവസമാണ് ബിജെപിയെ വെട്ടിലാക്കി ഒ രാജഗോപാല്‍ എംഎല്‍എ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തെ അനുകൂലിച്ചത്. നിയമസഭയ്ക്കകത്ത് കേന്ദ്രനിയമത്തെ അനുകൂലിച്ച് സംസാരിച്ചുവെങ്കിലും നിയമത്തെ എതിര്‍ക്കുന്നതില്‍ കുഴപ്പം കാണുന്നില്ലെന്ന് ഒ. രാജഗോപാല്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രതികരിച്ചിരുന്നു.

നിയമസഭയില്‍ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. സഭയില്‍ തന്റെ അഭിപ്രായം പറഞ്ഞു. എന്നാല്‍ എതിര്‍വാദങ്ങള്‍ അങ്ങനെയല്ല. അത് സ്വീകരിക്കുന്നു. പ്രമേയത്തെ അനുകൂലിക്കുന്നു. കേന്ദ്രനിയമത്തിനെതിയുള്ള പ്രമേയം അംഗീകരിക്കുന്നുവെന്നും ഒ. രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top