അഗ്നിപഥ് പ്രതിഷേധം; ട്രെയിന്‍ ഗതാഗതം താറുമാറായി, ബിഹാറില്‍ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

പട്‌ന: സൈന്യത്തിലേക്ക് നാലു വർഷത്തേയ്ക്ക് നിയമനം നടത്തുന്ന കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം പുകയുന്നു. ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ട്രെയിനുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. കുറഞ്ഞത് പന്ത്രണ്ട് തീവണ്ടികൾക്കെങ്കിലും പ്രതിഷേധക്കാർ തീയിട്ടതായാണ് റിപ്പോർട്ട്. രാജ്യത്തെ 340 തീവണ്ടി സർവീസുകളെ പ്രതിഷേധം ബാധിച്ചതായാണ് വിവരം.

ബിഹാറിൽ ശനിയാഴ്ച ആർജെഡി അടക്കം പ്രതിപക്ഷ പാർട്ടികളുടെ വിദ്യാർഥി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്റർനെറ്റ് കണക്ഷൻ ഞായറാഴ്ച വരെ വിച്ഛേദിച്ചിട്ടുണ്ട്. അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തിൽ രാജ്യവ്യാപകമായി ട്രെയിൻ ഗതാഗതം താറുമാറായി. 140 പാസഞ്ചർ ട്രെയിനുകളും 94 മെയിൽ എക്‌സ്പ്രസ് ട്രെയിനുകളും റദ്ദാക്കി. 65 മെയിൽ എക്‌സ്പ്രസ് ട്രെയിനുകളും 30 പാസഞ്ചർ ട്രെയിനുകളും ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

റിക്രൂട്ട്‌മെന്റുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് പ്രതിഷേധം വ്യാപകമായത്. ഓരോ ദിവസവും പ്രതിഷേധം കൂടുതൽ കലുഷിതമാകുന്ന കാഴ്ചയാണ് ഉത്തരേന്ത്യയിൽ ദൃശ്യമാകുന്നത്. തെലങ്കാനയിലും ട്രെയിനിന് തീയിട്ടതോടെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം കേന്ദ്രത്തിന്റെ നയമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്ത് വന്നു. പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ ഏകപക്ഷീയമായ തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്ന വിമർശനവും പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്നു.

തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പലയിടത്തും പോലീസും സുരക്ഷാ സേനയും നന്നേ പാടുപെട്ടു. പത്ത് സംസ്ഥാനങ്ങളിൽ പ്രതിഷേധം തെരുവ് യുദ്ധമായി മാറി. ബസുകൾക്ക് തീയിട്ടും പൊതുമുതൽ നശിപ്പിച്ചുമാണ് പ്രതിഷേധിക്കുന്നത്.

Top