”അഗ്നി പഥിൽ” കത്തുന്നത് ബി.ജെ.പി വോട്ട് ബാങ്കുകൾ, അന്തംവിട്ട് പരിവാർ

രേന്ദ്രമോദി സർക്കാറിപ്പോൾ അക്ഷരാർത്ഥത്തിൽ അന്തംവിട്ടിരിക്കുകയാണ്. ബി.ജെ.പിയെ രാഷ്ട്രീയപരമായി പിന്തുണയ്ക്കുന്നവർ ഉൾപ്പെടെയാണ് അഗ്നിപഥ്’ പദ്ധതിക്കെതിരെ പ്രതിഷേധ ‘തീ’ പടർത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ പദ്ധതിയുമായി ഇനിയും മുന്നോട്ട് പോയാൽ രാഷ്ട്രീയമായി ബി.ജെ.പിക്കാണ് വൻ തിരിച്ചടിയാകുക. അപകടം തിരിച്ചറിഞ്ഞ് പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്താമെന്ന് കേന്ദ്ര സർക്കാർ ഒരു നിർദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും പ്രതിഷേധക്കാർ അതും തള്ളിക്കളഞ്ഞിട്ടുണ്ട്. സ്വന്തം ജീവൻ ബലിയർപ്പിച്ചും രാജ്യത്തെ സേവിക്കാൻ സന്നദ്ധരായ യുവാക്കളാണിപ്പോൾ തെരുവിൽ അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. തീവണ്ടികളും റെയിൽവെ സ്റ്റേഷനുകളും ഉൾപ്പെടെ തീവച്ച പ്രതിഷേധക്കാർ കോടിക്കണക്കിന് നഷ്ടമാണ് ഇന്ത്യൻ റെയിൽവേയ്ക്കു മാത്രം ഉണ്ടാക്കിയിരിക്കുന്നത്. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ള ബി.ജെപി നേതാക്കൾക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് പല സംസ്ഥാനങ്ങളിലും നിലവിലുള്ളത്.

മുന്‍പ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെയും കര്‍ഷക പ്രതിഷേധത്തെയും നേരിടാന്‍ ശക്തമായി രംഗത്തിറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതിഷേധത്തിനു മുന്നില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ്. കായികമായി കരുത്തരായ പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ പൊലീസിനും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ‘അഗ്‌നിപഥ്’ പദ്ധതിക്കെതിരെ ഇത്രയും വലിയ ഒരു പ്രതിഷേധം ബി.ജെ.പിയും പ്രതീക്ഷിച്ചിരുന്നില്ല. ഉത്തരേന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട ഈ പ്രതിഷേധ ‘തീ’ തെലുങ്ക് മണ്ണില്‍ വെടിവയ്പ്പിലാണ് കലാശിച്ചിരിക്കുന്നത്. ഒടിവില്‍ ആ ‘തീ’ ഇപ്പോള്‍ കേരളത്തിലും എത്തിയിരിക്കുകയാണ്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര നാവിക വ്യോമസേന മേധാവികളും സംയുക്തമായാണ് വിവാദ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. അതോടെയാണ് പ്രക്ഷോഭവും പൊട്ടിപ്പുറപ്പെട്ടിരുന്നത്. ബിഹാർ, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആക്രമണ സംഭവങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രക്ഷോഭം ശക്തമായിരിക്കുന്ന സംസ്ഥാനങ്ങളിൽ ഭൂരിപക്ഷവും തൊഴിലില്ലായ്മ നിരക്കിൽ ദേശീയ ശരാശരിയെക്കാൾ മുകളിലാണ് എന്നതും ആരു യാഥാർത്ഥ്യമാണ്.സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങൾ നഷ്ടമാകുന്നതും ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ തെരുവിൽ പ്രതിഷേധിക്കുന്നത്. സി.പി.എമ്മും കോൺഗ്രസ്സും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ”സ്വകാര്യ സേനയ്ക്ക് വഴിയൊരുക്കുന്നതാണ് അഗ്നിപഥ് പദ്ധതിയെന്നാണ് ”സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നടിച്ചിരിക്കുന്നത്.

“കരാർ അധിഷ്ഠിത സൈനികർക്കൊപ്പം ഒരു പ്രൊഫഷണൽ ആർമിക്ക് വളരാൻ കഴിയില്ലന്നും ഈ പദ്ധതിയിൽ നാല് വർഷത്തേക്ക് മാത്രമാണ് തൊഴിൽ നൽകുന്നതെന്നും, അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. “ഈ സൈനികർ നമ്മുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനും ത്യാഗങ്ങൾ സഹിക്കാനും വിധിക്കപ്പെട്ടവരാണ് അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത് എന്നതാണ് യെച്ചൂരിയുടെ ചോദ്യം. പാർലമെന്റിൽ പോലും പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും പദ്ധതി അടിയന്തരമായി പിൻവിലക്കണമെന്നുമാണ് സി.പി.എം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതി ഭാവിയിൽ ഒരു വലിയ ദുരന്തമായി മാറുമെന്നും യെച്ചൂരി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്നാണ് രാഹുൽ ഗാന്ധിയും മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

“സൈന്യത്തിന്റെ മരണമണി മുഴക്കുന്നതാണ്‌ പദ്ധതിയെന്നാണ് സൈനിക നടപടികളുടെ ചുമതലയുണ്ടായിരുന്ന ലെഫ്റ്റനന്റ് ജനറൽ വിനോദ്‌ ഭാട്യയും തുറന്നടിച്ചിരിക്കുന്നത്. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടില്ലന്നും ഇത്രവലിയ മാറ്റത്തിന്‌ മുതിരുമ്പോൾ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാകാമെന്ന്‌ പഠിക്കേണ്ടിയിരുന്നെന്നും അദ്ദേഹം വിമർശിച്ചിട്ടുണ്ട്.

”ഒരാളെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാൻ കുറഞ്ഞത് അഞ്ച് ആറ് വർഷം വേണ്ടിവരുമെന്നിരിക്കെ ഇതെന്തോ… പിക്നിക്കിന് വന്നപോലെ, വന്നിട്ട് പോകുന്ന ഏർപ്പാട് ആണോ” എന്നതാണ്, മേജർ രവി ചോദിച്ചിരിക്കുന്നത്.ഒരു യുദ്ധം വന്നാൽ ഇത്തരത്തിൽ റിക്രൂട്മെന്റ് ചെയ്തവരെകൊണ്ട് എന്ത് ചെയ്യാൻ കഴിയുമെന്നും ഇവർക്ക് യുദ്ധം അഭിമുഖീകരിക്കാൻ കഴിയുമോ എന്നതിലുമാണ് മേജർ രവിയുടെ ആശങ്ക. സംഘപരിവാർ അനുകൂലിയായ മേജർ രവിയുടെ ഈ പ്രതികരണം പരിവാർ സംഘടനകളെ സംബന്ധിച്ചും തികച്ചും അപ്രതീക്ഷിതമാണ്.

അതേസമയം സൈന്യത്തെ കൂടുതൽ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്നും അത് സൈന്യത്തിന് കൂടുതൽ യുവത്വം നൽകുമെന്നുമാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. ചെറുപ്രായത്തിലേ സൈനിക സേവനത്തിലേക്ക് പൗരന്മാരെ ആകർഷിക്കുമെന്നതും അവർ നേട്ടമായി ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിൽ സൈന്യത്തിലെ ശരാശരി പ്രായം 32 ആണ്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതോടെ ഇത് ആറ്-ഏഴ് വർഷത്തിനുള്ളിൽ 26 ആയി കുറയും. അഗ്നിപഥ് പദ്ധതി തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും നാലുവർഷത്തെ സേവനത്തിനിടയിൽ നേടിയ നൈപുണ്യവും അനുഭവപരിചയവും കാരണം സൈനികർക്കു വിവിധ മേഖലകളിൽ തൊഴിൽ ലഭിക്കുമെന്നുമാണ് കേന്ദ്ര സർക്കാർ വാദം. എന്നാൽ, ഈ വാദങ്ങളെ എല്ലാം സമരക്കാരും പ്രതിപക്ഷവും തള്ളിക്കളഞ്ഞിരിക്കുകയാണ്. പദ്ധതി പിൻവലിക്കണമെന്നതു തന്നെയാണ്, അവരുടെ പരമപ്രധാനമായ ആവശ്യം. പ്രക്ഷോഭം കൂടുതൽ ശക്തമായതോടെ സമരക്കാർക്കിടയിൽ ബാഹ്യശക്തികൾ നുഴഞ്ഞു കയറിയതായും ആരോപണമുയർന്നിട്ടുണ്ട്. സംഘപരിവാർ അനുകൂലികളാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്ത്യയിൽ പ്രതിഷേധം കത്തിപ്പടരുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇപ്പോൾ പ്രധാന വാർത്തയാണ്. ഇതോടെ ലോകം ചർച്ച ചെയ്യുന്ന രൂപത്തിലേക്കാണ്, ഈ പ്രതിഷേധം മാറിയിരിക്കുന്നത്.

പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർ ‘അഗ്നിവീരന്മാർ’ എന്നാണ് അറിയപ്പെടുക. ഈ വർഷം തന്നെ പദ്ധതി ആരംഭിക്കുവാനാണ് തീരുമാനം. ഇക്കൊല്ലം 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് പരിപാടി. പെൺകുട്ടികൾക്കും ഈ പദ്ധതിയിൽ ചേരാം. അഗ്നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാലു വർഷത്തിനു ശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപയും ലഭിക്കും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാനും വ്യവസ്ഥയുണ്ട്.നിലവിൽ സൈന്യത്തിൽ ചേരാനുള്ള റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ അതേപടി തന്നെ അഗ്നിപഥിലും തുടരും. റാലികളിലൂടെ വർഷത്തിൽ രണ്ടുതവണയാണ് റിക്രൂട്ട്മെന്റ് നടത്തുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആറ് മാസത്തെ പരിശീലനവും തുടർന്ന് മൂന്നര വർഷത്തെ നിയമനവുമാണു നൽകുക. തുടക്കത്തിൽ 30,000 രൂപയുള്ള ശമ്പളം സേവനത്തിന്റെ അവസാനത്തിൽ, 40,000 രൂപയായി വർധിക്കുമെന്നാണ് ഉറപ്പ്. ശമ്പളത്തിന്റെ 30 ശതമാനം സേവാനിധി പ്രോഗാമിലേക്കാണ് മാറ്റുക. നാല് വർഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേർത്താണ് സേവന കാലയളവ് അവസാനിക്കുമ്പോൾ ഓരോ സൈനികനും 11.71 ലക്ഷം രൂപ ലഭിക്കുക.

ഈ പദ്ധതി സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന പദ്ധതിയാണെന്നാണ് പൊതുവെ ഉയർന്നിരിക്കുന്ന വിമർശനം. ഇതാണ് പൊതു അഭിപ്രായം സർക്കാറിന് എതിരെ തിരിയാനുള്ള പ്രധാനകാരണവും. മുൻ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഒരു വിഭാഗത്തിന്റെ പ്രതികരണങ്ങളും പൊതു അഭിപ്രായം രൂപപ്പെടുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇതു തന്നെയാണിപ്പോൾ കേന്ദ്ര സർക്കാറിനെയും വെട്ടിലാക്കിയിരിക്കുന്നത്.

 

EXPRESS KERALA VIEW

 

Top