അഗ്നിപഥ് പ്രക്ഷോഭം: 1313 പേർ അറസ്റ്റിൽ, സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി

ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നും ശക്തമായ പ്രതിഷേധത്തിന് സാധ്യത. ഉദ്യോഗാർത്ഥികളുടെ വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് നടക്കും. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർ പ്രദേശ്, ബിഹാർ, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി.

അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും രാജ്യത്താകെ 1313 പേരാണ് അറസ്റ്റിലായത്. ഇതിൽ 805 പേരും ബിഹാറിൽ നിന്നാണ്. അറസ്റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്‌നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

അക്രമങ്ങൾ രൂക്ഷമായ ബിഹാറിൽ സംസ്ഥാന പൊലീസിനും റെയിൽവ പൊലീസിനും സർക്കാർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. റെയിൽവെ സ്‌റ്റേഷനുകൾക്ക് സുരക്ഷ വർധിപ്പിച്ചു. ബിഹാറിൽ സംഘർഷം ഏറ്റവും രൂക്ഷമായ ഭോജ്പൂരിൽ ഇന്റർനെറ്റ് നിരോധനം തുടരും. റെയിൽവേ സ്റ്റേഷനുകളിലും പ്രധാനകേന്ദ്രങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 

Top