പ്രധാനമന്ത്രിയുടെ പരീക്ഷണശാലയിലെ പുതിയ പരീക്ഷണമാണ് അഗ്നിപഥ്‌; രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ സൈനികനിയമനപദ്ധതിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സുരക്ഷയും യുവജനതയുടെ ഭാവിയും അപകടത്തിലാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ‘പരീക്ഷണശാല’യിലെ ഈ ‘പുതിയ പരീക്ഷണ’മെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

“60,000 സൈനികര്‍ ഓരോ വര്‍ഷവും വിരമിക്കും. ഇതില്‍ 3,000 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി ലഭിക്കുക. നാല് വര്‍ഷത്തെ കരാര്‍ കഴിഞ്ഞ് വിരമിക്കുന്ന ആയിരക്കണക്കിന് അഗ്നിവീരന്‍മാരുടെ ഭാവിയെന്താണ്? പ്രധാനമന്ത്രിയുടെ പരീക്ഷണശാലയിലെ പുതിയ പരീക്ഷണം രാജ്യസുരക്ഷയും യുവജനങ്ങളുടെ ഭാവിയും അപകടത്തിലാക്കും”. രാഹുല്‍ ട്വീറ്റ് ചെയ്തു.

അഗ്നിപഥ് പദ്ധതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പതിനേഴര വയസ് മുതല്‍ 21 വയസ് വരെ പ്രായപരിധിയുള്ള യുവാക്കള്‍ക്ക് സൈനികസേവനത്തിലൂടെ തൊഴിലവസരം സൃഷ്ടിക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധ്യമാകുമെന്നാണ് കേന്ദ്രസര്‍ക്കാർ പറയുന്നത്. നാല് വര്‍ഷത്തെ സേവനം ഉറപ്പാക്കുന്ന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കളില്‍ 25 ശതമാനം പേര്‍ക്ക് 15 വര്‍ഷം വരെ സേവനം ദീര്‍ഘിപ്പിക്കാനുള്ള അവസരവുമുണ്ട്.

Top