അഗ്നിപഥ്: അഗ്നിവീറുകൾക്കായുള്ള ആദ്യ പരീക്ഷ ഇന്ന്

യുപി: കേന്ദ്രസർക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്മെന്റായ അഗ്നിപഥിന് കീഴിലുള്ള രാജ്യത്തെ ആദ്യ പരീക്ഷ ഇന്ന് നടക്കും. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വെച്ചാണ് പരീക്ഷ. അക്രമസംഭവങ്ങള്‍ മുന്നില്‍ കണ്ട് കാണ്‍പൂര്‍ പോലീസ് പരീക്ഷയ്ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 7.30നും രണ്ടാം ഷിഫ്റ്റ് 11.30നും അവസാന ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3.15നും നടക്കും. ഓരോ ഷിഫ്റ്റിലും 625 പരീക്ഷാര്‍ത്ഥികള്‍ വീതം ഉണ്ടാകും. അഗ്നിവീര്‍ പരീക്ഷയ്ക്കായി ആകെ 11 കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആറെണ്ണം കാണ്‍പൂര്‍ ഔട്ടറിലാണ്. കാണ്‍പൂരില്‍ ഇന്ന് 33,000 ഉദ്യോഗാര്‍ത്ഥികളാണ് സൈനിക സേവനത്തിനായുള്ള പരീക്ഷ എഴുതുന്നത്. കാണ്‍പൂര്‍ നഗറിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഒരു ക്വിക്ക് റെസ്പോണ്‍സ് ടീമും രൂപീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ യുവാക്കള്‍ക്ക് സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്നതിനുള്ള പുതിയ ഹ്രസ്വകാല റിക്രൂട്ട്മെന്റ് നയം ജൂണ്‍ 14 നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നത്. അഗ്‌നിപഥ് എന്ന് വിളിക്കപ്പെടുന്ന ഈ സ്‌കീം 17.5 മുതല്‍ 21 വരെ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് ”അഗ്‌നിവീര്‍” ആയി മൂന്ന് സേവനങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്ക് ഉള്‍പ്പെടുത്താന്‍ പ്രാപ്തരാക്കുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ ‘അഗ്‌നിവീര്‍സ്’ ഒരു പ്രത്യേക റാങ്ക് ഉണ്ടാക്കുമെന്നും അത് നിലവിലുള്ള മറ്റേതൊരു റാങ്കില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും അവരെ ഏത് റെജിമെന്റിലേക്കും യൂണിറ്റിലേക്കും നിയമിക്കാമെന്നും സൈന്യം പറഞ്ഞു.

Top