ചൈനയെ മാത്രമല്ല മിക്കരാജ്യങ്ങളെയും ചാരമാക്കാനുള്ള ശേഷിയുണ്ട് ഇന്ത്യക്ക്!

ഭീകരതക്കെതിരെ സംയുക്ത സൈനികാഭ്യാസത്തിന് തീരുമാനിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ഇന്ത്യയുടെ അഗ്നി ഉയര്‍ത്തിയ കൊടും ഭീഷണിയില്‍ ഞെട്ടി ചൈന.

ചൈനയിലെ ഏത് നഗരത്തിലും മിനുട്ടുകള്‍ക്കുള്ളില്‍ പറന്നെത്തി കനത്ത നാശം വിതക്കാന്‍ ശേഷിയുള്ള അഗ്നി 5 മിസൈലാണ് വിജയകരമായ വിക്ഷേപണം നടത്തിയിരിക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളെ പോലും അമ്പരപ്പിച്ച നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

പാക്കിസ്ഥാനെ സംബന്ധിച്ചും ഉറക്കത്തില്‍ പോലും പേടിച്ച് ഞെട്ടി ഉണരേണ്ട സാഹചര്യമാണ് ഡിസംബര്‍ 10ന് നടന്ന അഗ്നി 5 വിക്ഷേപണ വിജയം.

അതേസമയം, ഭീകരതക്കെതിരെ ഇന്ത്യയുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം വഴി ചൈന ലക്ഷ്യമിടുന്നത് സൗഹൃദമാണെന്ന റിപ്പോര്‍ട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യ അഗ്നി മിസൈലുകളില്‍ ഉള്‍പ്പെടെ കൈവരിച്ച സ്വയം പര്യാപ്തത ഗൗരവമായി കാണുന്ന ചൈന ഇന്ത്യയുമായി ഒരു യുദ്ധത്തിന് തയ്യാറാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

സമാധാന പാതയില്‍ രാജ്യം നീങ്ങുമ്പോള്‍ തന്നെ ഒരുമിച്ച് രണ്ട് ശത്രുക്കളെ നേരിടേണ്ട സാഹചര്യം മുന്നില്‍ കണ്ടാണ് ഇന്ത്യ പ്രതിരോധ രംഗത്ത് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍, ഇറാന്‍ തുടങ്ങി ചൈനയുടെ മൂക്കിന്‍ തുമ്പിലിരുന്ന് ചങ്കൂറ്റം കാണിക്കുന്ന വിയറ്റ്നാം വരെ ഇപ്പോള്‍ ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളാണ്. നയതന്ത്ര രംഗത്ത് ഇന്ത്യ കൈവരിച്ച ഈ നേട്ടങ്ങള്‍ സൈനിക ശക്തിക്കും ബലം നല്‍കുന്നതാണ്.

അമേരിക്കന്‍ വിരുദ്ധ ചേരിയില്‍ ചൈനയോട് സഹകരിക്കുന്ന റഷ്യ ഇന്ത്യയുടെ ഒപ്പം ശക്തമായി തന്നെ നിലയുറപ്പിക്കുന്നതാണ് ചൈനയെ സംബന്ധിച്ച് വലിയ വെല്ലുവിളി. ഒരേസമയം, റഷ്യയുമായും അമേരിക്കയുമായും ബന്ധം പുലര്‍ത്തി പോകാന്‍ കഴിയുന്ന ഇന്ത്യയുടെ മിടുക്ക് ചൈന കണ്ടു പഠിക്കണമെന്നാണ് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

modi xi

ഭീകരതക്കെതിരെ ഇന്ത്യയുമായി സംയുക്ത സൈനിക അഭ്യാസത്തിന് തയ്യാറായ ചൈനക്ക് ഇനി പാക്കിസ്ഥാനിലെ ഭീകര താവളങ്ങള്‍ ഇന്ത്യന്‍ സേന ആക്രമിക്കുമ്പോള്‍ പ്രതികരിക്കാന്‍ സാധിക്കാത്ത സാഹചര്യം വരും. പാക്കിസ്ഥാനിലെ ചൈനയുടെ താല്‍പര്യത്തിന് എതിരായി ശരിക്കും വെട്ടിലാക്കുന്ന നിലപാടായി ഇത് മാറാനാണ് സാധ്യത.

ദോക് ലാമില്‍ ഇന്ത്യ അതിക്രമിച്ചു കയറി എന്നു പറഞ്ഞ് ശക്തമായി ചൈനീസ് സേന രംഗത്ത് വന്നപ്പോഴും ഒരു വെടിയുണ്ട പോലും അവര്‍ ഉതിര്‍ത്തിരുന്നില്ല. ഇന്ത്യന്‍ സൈന്യവുമായി ചെറിയ ഉരസലില്‍ മാത്രം ഒതുങ്ങി ചൈനയുടെ പ്രതിഷേധം.

അമേരിക്കക്ക് മേല്‍ ലോക ശക്തി ആകണമെന്ന് ആഗ്രഹിക്കുന്ന ചൈനക്ക് അതിന് സാധിച്ചില്ലെങ്കിലും ഇപ്പോഴുള്ള പദവി എങ്കിലും നില നിര്‍ത്താന്‍ സംഘര്‍ഷമില്ലാത്ത സാഹചര്യമാണ് അനിവാര്യം.

ഉത്തര കൊറിയയെ അമേരിക്കക്ക് എതിരായ ആയുധമാക്കി ഗാലറിയില്‍ ഇരുന്ന് കളി രസിച്ച ചൈനക്ക് ഒടുവില്‍ തിരിച്ച് പണി കിട്ടുമെന്ന് മനസ്സിലായതോടെയാണ് ഉത്തര കൊറിയയെ ഒത്തു തീര്‍പ്പിന് പ്രേരിപ്പിച്ചിരുന്നത്.

ടെക്നോളജിയുടെ പുതിയ കാലത്ത് ഒരു യുദ്ധം ഉണ്ടായാല്‍ അത് ഇരു വിഭാഗത്തിനും കനത്ത നാശമുണ്ടാക്കും എന്നതിനാലാണ് ലോക വന്‍ശക്തിയായ അമേരിക്കയും വാശി ഉപേക്ഷിച്ച് സമവായത്തിന് തയ്യാറായത്.

ഇന്ത്യയെ കണ്ടു പിടുത്തങ്ങളില്‍ അധികവും വിളിച്ചു പറയാത്ത രാജ്യമായാണ് ലോകം വീക്ഷിക്കുന്നത്. ഇപ്പോള്‍ പുറത്ത് വന്ന അഗ്നി 5 ന്റെ ദൂരപരിധി ചൈന മാത്രമല്ല, അതിലും മുകളിലായിരിക്കും എന്ന വിലയിരുത്തലിലാണ് ലോക രാഷ്ട്രങ്ങള്‍.

5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാന്‍ കഴിയുന്നവയാണ്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടെ സ്ട്രാറ്റജിക് കമാന്‍ഡ് ഫോഴ്സാണ് അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള മിസൈല്‍ വികസിപ്പിച്ചത്. ചൈനയിലെ പ്രമുഖ നഗരങ്ങളായ ബെയ്ജിംഗ്, ഷാങ്ഹായ്, ഗുവാന്‍ഷു എന്നിവ അഗ്നി 5 ന്റെ ദൂരപരിധിയില്‍വരുമെന്നാണ് പ്രതിരോധമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്.

ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍ ഭാഗികമായും ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്ലന്‍ഡ്, മലേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറ്റലി എന്നീ രാജ്യങ്ങളും അഗ്നി 5ന്റെ പ്രഹര പരിധിയില്‍ വരും. നിലവില്‍ അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്കുമാത്രമേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുള്ളൂ. ഇനി ഈ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെയും സ്ഥാനം.

Top