അഗ്നിപഥ്: സുപ്രീംകോടതി പൊതുതാത്പര്യ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പൊതുതാത്പര്യഹര്‍ജികള്‍ പരിഗണിക്കുന്നത്. പദ്ധതിയെ ചോദ്യം ചെയ്ത് 31 ഉദ്യോഗാര്‍ത്ഥികള്‍ അടക്കമാണ് സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ റിക്രൂട്ട്‌മെന്റ് നടപടികളിലൂടെ കടന്നുപോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഗ്നിപഥ് പദ്ധതി ബാധകമാക്കരുതെന്നാണ് ഹര്‍ജികളിലെ ആവശ്യം. പദ്ധതി, സായുധ സേനയെയും രാജ്യത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ മനോഹര്‍ലാല്‍ ശര്‍മയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ അഗ്നിപഥ് രജിസ്‌ട്രേഷന്‍ കഴിഞ്ഞ മാസം 24ന് ആരംഭിച്ചിരുന്നു. ജൂലൈ അഞ്ച് വരെ അപേക്ഷകള്‍ നല്‍കാം. അന്തിമ നിയമന പട്ടിക ഡിസംബര്‍ 11 ന് പുറത്തിറക്കും. ഇക്കൊല്ലം മൂവായിരം പേര്‍ക്കാണ് നിയമനം. indianairforce.nic.in എന്ന വെബ്‌സൈറ്റില്‍ വിജ്ഞാപനം സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top