ഫ്രാന്‍സില്‍ പ്രക്ഷോഭം രൂക്ഷം; ചര്‍ച്ചയായി ‘യോഗി മോഡല്‍’ നടപ്പാക്കണമെന്ന ട്വീറ്റ്

ലക്‌നൗ: ഫ്രാന്‍സില്‍ അള്‍ജീരിയന്‍ വംശജനായ പതിനേഴു വയസ്സുകാരന്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ജനപ്രക്ഷോഭം രൂക്ഷമാകുന്നു. പലയിടത്തും അക്രമസംഭവങ്ങളും അരങ്ങേറി. അതിനിടെ ‘യോഗി മോഡല്‍’ നടപ്പാക്കണമെന്ന ട്വീറ്റില്‍ സമൂഹമാധ്യമത്തില്‍ വന്‍ ചര്‍ച്ചയാണ് നടക്കുന്നത്. ഫ്രാന്‍സില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇന്ത്യ അവിടേയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് വന്നത്. ഒരു യൂറോപ്യന്‍ ഡോക്ടറാണ് ഇത് ആവശ്യപ്പെട്ടതെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും അല്ലെന്നു പിന്നീട് വ്യക്തമായി.

ട്വീറ്റിനു യുപി മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുത്തു. ബിജെപി സംസ്ഥാന നേതൃത്വവും ‘യോഗി മോഡലിനെ’ പ്രശംസിച്ച് രംഗത്തെത്തി. ”തീവ്രവാദം കലാപങ്ങള്‍ക്ക് ആക്കം കൂട്ടുമ്പോള്‍, ലോകത്തിന്റെ ഏതു ഭാഗത്തും ക്രമസമാധാന നിലയും ക്രമസമാധാന പ്രശ്നങ്ങളും ഉടലെടുക്കുമ്പോള്‍, ലോകം ആശ്വാസം തേടുകയും ഉത്തര്‍പ്രദേശില്‍ മഹാരാജ് ജി സ്ഥാപിച്ച ക്രമസമാധാനത്തിന്റെ യോഗി മാതൃകയിലൂടെ പരിവര്‍ത്തനത്തിനായി കൊതിക്കുകയും ചെയ്യുന്നു.”- യോഗി ആദിത്യനാഥിന്റെ ഓഫിസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെ ട്വീറ്റിന് മറുപടിയായി പോസ്റ്റ് ചെയ്തു.

തൊട്ടുപിന്നാലെ, ഉത്തര്‍പ്രദേശ് ബിജെപി വക്താവ് രാകേഷ് ത്രിപാഠി ഒരു വിഡിയോ പുറത്തിറക്കി: ”ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളും കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന ഒരു കാലമുണ്ടായിരുന്നു, എല്ലായിടത്തും കലാപങ്ങളുണ്ടാകും. എന്നാല്‍ യോഗി ആദിത്യനാഥ് അധികാരത്തില്‍ വരികയും കലാപകാരികളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയും അവരുടെ വീടുകള്‍ക്കു മുകളിലൂടെ ബുള്‍ഡോസര്‍ ഓടിക്കുകയും ചെയ്തതോടെ യുപിയില്‍ കലാപം പൂര്‍ണമായും അവസാനിച്ചു. ഇതിന്റെ പ്രതിധ്വനി ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും കേള്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ഫ്രാന്‍സ് പോലൊരു രാജ്യത്ത് കലാപം നിയന്ത്രിക്കുന്നതിനു യോഗി മോഡല്‍ നിര്‍ദേശിക്കുന്നത്. ഉത്തര്‍പ്രദേശിന്റെ ക്രമസമാധാനപാലനത്തിനുള്ള ആഗോള അംഗീകാരമാണിത്.”

അടുത്തിടെ കോണ്‍ഗ്രസില്‍നിന്നു ബിജെപിയിലെത്തിയ അനില്‍ ആന്റണി, ഫ്രാന്‍സില്‍ നടക്കുന്ന കാര്യങ്ങളും പൗരത്വ ഭേദഗതി നിയമവും തമ്മില്‍ താരതമ്യം ചെയ്തു. ഫ്രാന്‍സില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ തന്റെ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് അനില്‍ ട്വീറ്റ് ചെയ്തു: ”നരേന്ദ്ര മോദി ജിയുടെയും അമിത് ഷാ ജിയുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും ദീര്‍ഘവീക്ഷണം ഓര്‍ത്തെടുക്കാന്‍ പറ്റിയ സമയമാണ്. പ്രതിപക്ഷ നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങാതെ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യ തയാറാക്കി. മൂന്ന് അയല്‍രാജ്യങ്ങളില്‍നിന്നുള്ള പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ സഹായിക്കുക എന്ന പൂര്‍ണ ഉദ്ദേശ്യത്തില്‍ ഇന്ത്യ ഉറച്ചുനിന്നു. അല്ലെങ്കില്‍ നിക്ഷിപ്ത താല്‍പര്യമുള്ള നുഴഞ്ഞുകയറ്റക്കാര്‍ ഇത് തീര്‍ച്ചയായും ദുരുപയോഗം ചെയ്യുമായിരുന്നു.”

Top