ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ; രാജ്‌നാഥ് സിങിന്റെ പ്രസ്താവനയ്ക്ക് വിയോജിപ്പുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്താവനയ്ക്ക് വിയോജിപ്പുമായി ശശി തരൂര്‍. ആള്‍ക്കൂട്ട ആക്രമണത്തെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശം അപര്യാപ്തമാണ്. ആക്രമണ സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ കേന്ദ്രവും സംസ്ഥാനങ്ങളും ‘പിംഗ് പോംഗ്’ കളിയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപലപനീയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. വാട്‌സ് ആപ്പ് ഉള്‍പ്പടെയുള്ള ആപ്പുകളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളാണ് പലപ്പോഴും ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കലാശിക്കുന്നത്. അതിനാല്‍ വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും. വിഷയത്തില്‍ രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഇതിനെതിരെ പ്രചാരണങ്ങളുമായി സമൂഹ മാധ്യമങ്ങള്‍ രംഗത്തെത്തി. അതേസമയം പ്രചരണങ്ങള്‍ ശക്തമാകുമ്പോഴും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ്. എന്നാല്‍, രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ചില കോണ്‍ഗ്രസ് എംപിമാര്‍ ലോകസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

അതേസമയം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം വേണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് ശക്തമായ നിയമനിര്‍മാണങ്ങള്‍ വേണമെന്ന് കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണമെന്നും നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Top