സിപിഎമ്മില്‍ സംഘടനാ രംഗത്ത് പ്രായപരിധി മാനദണ്ഡം വരുന്നു

തിരുവനന്തപുരം: സംഘടനാ രംഗത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി സിപിഎം. സംഘടനാ രംഗത്ത് ഏരിയാ കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പ്രായപരിധി ശക്തമായി നടപ്പാക്കാനാണ് ആണ് ആലോചന. ജില്ലാ കമ്മിറ്റികളിലും സംസ്ഥാന കമ്മിറ്റിയിലും പ്രായപരിധി മാനദണ്ഡം വരും.

കഴിഞ്ഞ സമ്മേളനത്തില്‍ പ്രായപരിധി കൊണ്ടുവന്നെങ്കിലും ചില നേതാക്കള്‍ക്ക് ഇളവ് നല്‍കിയിരുന്നു. സംസ്ഥാന സമിതിയംഗം വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ എഴുപത് വയസ് പ്രായപരിധി ശക്തമായി നടപ്പിലാക്കാനാണ് നീക്കം. കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ക്ക് ഇളവ് നല്‍കും. സെക്രട്ടറിമാര്‍ക്ക് മൂന്ന് ടേം കാലാവധി തുടരും. കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുന്നതിലും മാര്‍ഗനിര്‍ദ്ദേശം കൊണ്ടുവരും.

പശ്ചിമ ബംഗാളിലെയും കേരളത്തിലെയും നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് കഴിഞ്ഞ വര്‍ഷം അവസാനം തുടങ്ങേണ്ട സമ്മേളന ഷെഡ്യൂള്‍ ദേശീയ നേതൃത്വം ആദ്യം മാറ്റിയത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗവും ലോക്ഡൗണും വീണ്ടും സമ്മേളന നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കി. ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ തുടങ്ങേണ്ട ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ വര്‍ഷം അവസാനത്തേക്ക് മാറുമെന്നാണ് നിലവിലെ സൂചന. അടുത്ത മാസം തന്നെ ഷെഡ്യൂളില്‍ തീരുമാനമായേക്കും.

 

Top