കെജ്‌രിവാളിനെതിരെ ഇ.ഡി കോടതിയില്‍;നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല

ദ്യനയ അഴിമതിക്കേസില്‍ തുടര്‍ച്ചയായി അഞ്ചു തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാവാത്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് ഇ.ഡി. ഹര്‍ജി ഫയല്‍ ചെയ്തത്. ഐ.പി.സിയുടെ 174, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ 50-ാം വകുപ്പുകള്‍ പ്രകാരമാണ് ഹര്‍ജി.

തന്നെ അറസ്റ്റ് ചെയ്യാനുള്ള നിയമവിരുദ്ധമായ നീക്കങ്ങളെന്ന് ആരോപിച്ചാണ് അഞ്ച് നോട്ടീസുകളും കെജ്‌രിവാള്‍ തള്ളിക്കളഞ്ഞത്. നേരത്തെ, നവംബര്‍ രണ്ട്, ഡിസംബര്‍ 21, ജനുവരി മൂന്ന്, 18, ഫെബ്രുവരി രണ്ട് തീയതികളില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

2021-22 വര്‍ഷം മദ്യവില്‍പ്പനയ്ക്കുള്ള ലൈസന്‍സ് അനുവദിക്കാന്‍ പണം വാങ്ങിയെന്നാണ് ആരോപണം. പിന്നീട് നയം ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്.

Top