ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനോട് പൂര്‍ണമായി എതിരാണെന്ന് ഷീല ദീക്ഷിത്

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനോട് പൂര്‍ണമായി എതിരാണെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത്. കോണ്‍ഗ്രസിന് സ്വന്തം നിലയില്‍ പോരാടാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു.

അന്തിമ തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തിന് വിട്ടതാണ്. ഹൈകമാന്‍ഡ് പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ഷീല ദീക്ഷിത് വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത് ദീര്‍ഘകാലയളവില്‍ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നും പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കാതെ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഷീല ദീക്ഷിത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും നേരത്തെ കത്തയച്ചിരുന്നു.

കോണ്‍ഗ്രസ്-എ.എ.പി സഖ്യവുമായി ബന്ധപ്പെട്ട് മധ്യസ്ഥതക്ക് ശരദ് പവാര്‍ രംഗത്തെത്തിയതോടെയാണ് ഷീല ദീക്ഷിതിന്റെ പ്രതികരണം.

അതേസമയം ബി.ജെ.പിക്കെതിരെ മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുക എന്ന കോണ്‍ഗ്രസ് നയത്തെ ഡല്‍ഹിയിലെ നേതാക്കളും അനുസരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ഡല്‍ഹി ചുമതലയുള്ള നേതാവ് പി.സി ചാക്കോയുടെ നിലപാട്. വിഷയത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പി.സി ചാക്കോ വ്യക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.

ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുകയാണ് കോണ്‍ഗ്രസെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് എ.എ.പി ഏഴില്‍ ആറ് സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Top