Again CBI in National Games? Audit Report against government

തിരുവനന്തപുരം: ദേശിയ ഗെയിംസില്‍ 25 കോടി രൂപയുടെ പാഴ്ചെലവ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് സിബിഐ അന്വേഷണത്തിന് വഴിയൊരുക്കിയേക്കും. നേരത്തെ ക്രമക്കേട് സംബന്ധിച്ച ആക്ഷേപത്തെ തുടര്‍ന്ന് സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നെങ്കിലും തുടര്‍ നടപടികളിലേക്ക് പോയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിശദമായ അന്വേഷണത്തിന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുള്ളതിനാല്‍ സിബിഐക്ക് തുടരന്വേഷണം നടത്തേണ്ടിവരും.

സംസ്ഥാനം ആതിഥ്യമരുളിയ 35ാം ദേശിയ ഗെയിംസില്‍ വന്‍ക്രമക്കേടും അഴിമതിയുമെന്ന പത്രവാര്‍ത്തകളെ തള്ളിക്കളഞ്ഞ് ഉദ്ദേശിച്ചതിലും കുറഞ്ഞ ചെലവിലാണ് ഗെയിംസ് നടത്തിയതെന്നു മേനി പറഞ്ഞ സര്‍ക്കാരിന് തിരിച്ചടിയായാണ് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.

മുമ്പ് നടന്ന ന്യൂഡല്‍ഹിയിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ സിബി.ഐ അന്വേഷണം നടത്തുകയും, ഇതേതുടര്‍ന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന സുരേഷ് കല്‍മാഡി എം.പി അടക്കമുള്ളവര്‍ ജയിലിലുമായിരുന്നു. തുടര്‍ന്നു വന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യവുമായി. മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അടക്കം പ്രമുഖര്‍ പരാജയപ്പെട്ട തിരഞ്ഞെടുപ്പില്‍ ആം ആദ്മി സര്‍ക്കാരാണ് അധികാരത്തിലേറിയത്.

സമാനമായ സാഹചര്യമാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അഴിമതി കണ്ടെത്തിയതോടെ കേരളത്തിലും സംജാതമാകുന്നത്. ദേശീയ ഗെയിംസില്‍ നഷ്ടവും പാഴ്‌ച്ചെലവും അധികച്ചെലവും അടക്കം സംസ്ഥാന ഖജനാവിനു നഷ്ടം 24.89 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആറുവര്‍ഷത്തെ ഇടവേള ആസൂത്രണത്തിനും തയാറെടുപ്പുകള്‍ക്കുമായി ലഭിച്ചിരുന്നു. എന്നാല്‍ ഈ കാലയളവു ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. ഗെയിംസ് വില്ലേജിനായി സ്ഥിരം സംവിധാനം ഒരുക്കാനുമായില്ല.

തീരുമാനങ്ങളെടുക്കുന്നതിലും അവ നടപ്പാക്കുന്നതിലും അകാരണമായ കാലതാമസമുണ്ടായി. ഗെയിംസിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ആസ്തികളുടെ ശാസ്ത്രീയവും ഫലപ്രദവുമായ തുടര്‍ ഉപയോഗം സാധ്യമാക്കുന്നതിനു വേണ്ടിയുള്ള പദ്ധതികള്‍ തയാറാക്കി പ്രാവര്‍ത്തികമാക്കുന്നതിലും പരാജയപ്പെട്ടു. 3.35 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 10.98 കോടി രൂപ പാഴ്‌ച്ചെലവ്. 10.56 കോടി രൂപ അധികച്ചെലവ്, ആകെ നഷ്ടം 24.89 കോടി.

സാധ്യതാ പഠനം നടത്താതെ എസ്റ്റിമേറ്റ് തയാറാക്കുക, ശാസ്ത്രീയമല്ലാതെ പ്ലാനുകള്‍ തയാറാക്കുക, ഉയര്‍ന്ന നിരക്കുകള്‍ ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തയാറാക്കുക, എസ്റ്റിമേറ്റ് നിരക്കിനേക്കള്‍ ഉയര്‍ന്ന നിരക്ക് അനുവദിക്കുക, എസ്റ്റിമേറ്റില്‍ നിന്നു വ്യതിചലിച്ച് പ്രവൃത്തികള്‍ നടപ്പാക്കുക, യോഗ്യതയില്ലാത്ത സ്ഥാപനത്തിന് കണ്‍സള്‍ട്ടന്‍സി നല്‍കുക, ബിഡ് സമര്‍പ്പിക്കുന്നതിനു മതിയായ സമയം നല്‍കാതെ ടെന്‍ഡര്‍ നോട്ടിഫിക്കേഷന്‍ ചെയ്യുക, ടെന്‍ഡറിന്റെ മത്സര സ്വഭാവം നഷ്ടപ്പെടുത്തുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കുക, നെഗോസ്യേഷന്‍ പോലും നടത്താതെ ഏക ബിഡ് അംഗീകരിക്കുക, കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത സ്ഥാപനത്തെ അവഗണിച്ച് ഉയര്‍ന്ന നിരക്ക് ക്വോട്ട് ചെയ്ത സ്ഥാപനത്തിനു കരാര്‍ നല്‍കുക, പ്രീക്വാളിഫിക്കേഷനില്‍ അയോഗ്യമാക്കപ്പെട്ട സ്ഥാപനത്തിന് സുതാര്യമല്ലാത്ത നടപടികളിലൂടെ കരാര്‍ നല്‍കുക, ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയ കണ്‍സള്‍ട്ടന്‍സിക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കാതിരിക്കുക, കാലതാമസവും കണ്‍സള്‍ട്ടന്‍സിയുടെയും കരാറുകാരുടെയും വീഴ്ചകളും കാരണം എസ്റ്റിമേറ്റ് പുതുക്കേണ്ടി വരികയും ചെലവു ക്രമാതീതമായി ഉയരുകയും ചെയ്യുക, പ്രവൃത്തി പകുതി വഴിയില്‍ ഉപേക്ഷിച്ച കണ്‍സള്‍ട്ടന്‍സിയുടെയോ കരാറുകാരുടെയോ നഷ്ടോത്തരവാദിത്തത്തില്‍ പദ്ധതി പുനഃക്രമീകരിച്ച് റീ ടെന്‍ഡര്‍ ചെയ്യാതിരിക്കുക, തുടര്‍ ഉപയോഗത്തിനു ധാരണാപത്രം ഇല്ലാതെ സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ വേദികള്‍ നിര്‍മിക്കുക, നിലവാരമില്ലാത്ത പ്രവൃത്തികള്‍ക്കു മതിയായ പരിശോധനയില്ലാതെ തുക അനുവദിക്കുക, വേദികള്‍ക്കു വേണ്ടിയോ വാം അപ്ന് വേണ്ടിയോ അല്ലാത്ത സ്‌റ്റേഡിയങ്ങള്‍ക്കായി തുക ചെലവഴിക്കുക, കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തില്‍ വേദികളുടെ തുടര്‍ ഉപയോഗത്തിനു പദ്ധതി തയാറാക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാലാണ് വലിയ നഷ്ടമുണ്ടായത്.

താത്പര്യപത്രം പോലും സമര്‍പ്പിക്കാതിരുന്ന സംവിധായകനെ വീഡിയോ ചിത്രീകരണം ഏല്‍പ്പിക്കുകയും, പ്രൊഫഷണല്‍ ഫീ ആവശ്യമില്ല എന്നറിയിച്ചിരുന്ന സംവിധായകന് ചിത്രീകരണച്ചെലവിനത്തില്‍ മാത്രം 20 ലക്ഷം രൂപ നല്‍കുകയും ചെയ്തതിന്റെ മാനദണ്ഡം വ്യക്തമല്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

തൃശൂര്‍ ജില്ലയിലെ കാറ്ററിങ് ഇനത്തില്‍ മാത്രം 44,54,400 രൂപയുടെ വെട്ടിപ്പ് നടന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേര്‍സ് കണ്‍സള്‍ട്ടന്‍സിയുടെ നിയമനത്തിലും സേവനത്തിലും അവ്യക്തതകളുണ്ട്. വിതരണം ചെയ്ത മെഡലുകള്‍ക്കു പോലും വ്യക്തമായ കണക്കില്ല, ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ കൃത്യമല്ല. സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തിലും വിതരണത്തിലും എന്‍ജിഒസിയുടെയും ഡിഒസിയുടെയും കണക്കുകളില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം സംബന്ധിച്ചു വിശദമായ അന്വേഷണത്തിനും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന യുഡിഎഫ് സര്‍ക്കാരിരെ സംബന്ധിച്ച് നിലവിലെ വെല്ലുവിളികള്‍ക്ക് മേലെയുള്ള പുതിയ വെല്ലുവിളിയാണ് ഈ ഓഡിറ്റ് റിപ്പോര്‍ട്ട് ഉയര്‍ത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള പരിപാടിയായതിനാല്‍ അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോ അനുമതിയോ സിബിഐക്ക് ആവശ്യമില്ല.

Top