Afzal Guru’s Wife Takes On Chidambaram

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞിട്ടില്ലെന്ന മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവന നേരത്തേ ആയിരുന്നുവെങ്കില്‍ തന്റെ ഭര്‍ത്താവ് തൂക്കിലേറ്റപ്പെടില്ലായിരുന്നു എന്ന് അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തബസും.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ രഹസ്യമായി തൂക്കിലേറ്റിയത്. രാഷ്ട്രീയക്കാരുടെ വാക്കുകളിലൊന്നും തനിക്ക് വിശ്വാസമില്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തബസും വ്യക്തമാക്കി.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ തൂക്കിലേറ്റരുതാിയരുന്നുവെന്നും ജീവപര്യന്തം നല്‍കിയാല്‍ മതിയായിരുന്നുവെന്നും പി.ചിദംബരം കഴിഞ്ഞ ദിവസം ഇക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്റെ ഭര്‍ത്താവ് ഇപ്പോള്‍ ജീവനോടെയില്ല. പിന്നെ ചിദംബരത്തിന്റെ വാക്കുകള്‍ക്ക് എന്താണ് വിലയെന്നും തബസും ചോദിച്ചു.

അഫ്‌സല്‍ ഗുരുവിന് പിന്തുണ നല്‍കിക്കൊണ്ട് ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തിലും തബസും സന്തുഷ്ടി പ്രകടിപ്പിച്ചു.

‘ജെ.എന്‍.യുവിലെ കുട്ടികള്‍ വിദ്യാഭ്യാസമുള്ളവരാണ്. വിധിന്യായത്തിന്റെ പകര്‍പ്പ് വായിച്ചിട്ടുള്ളവരാണ്. അവര്‍ക്കറിയാം അഫ്‌സല്‍ ഗുരുവിനെ കുരുക്കിയതെങ്ങനെയെന്ന്. പുതിയ തലമുറയെ രാഷ്ട്രീയക്കാര്‍ക്ക് വിലക്ക് വാങ്ങാന്‍ കഴിയുന്നില്ലെന്നോര്‍ത്ത് താന്‍ അത്യധികം സന്തോഷിക്കുന്നു. ഗുരുവിന്റെ വധശിക്ഷക്കെതിരെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഉയരുന്ന ശബ്ദങ്ങള്‍, അദ്ദേഹം കുറ്റക്കാരനായിരുന്നില്ല എന്നതിന് തെളിവാണ്.’

കശ്മീര്‍ വിഘടനവാദി ഗ്രൂപുകളേയും തബസും വിമര്‍ശിച്ചു. അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ഒരു പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പോലും അവര്‍ക്കായില്ല എന്നും തബസും കുറ്റപ്പെടുത്തി. തനിക്കും മകന്‍ ഗാലിബിനും സാധാരണ ജീവിതം നയിക്കാന്‍ കഴിയണമെന്നതാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് പത്താം ക്‌ളാസില്‍ 95 ശതമാനം മാര്‍ക്കോടെ ഉന്നതവിജയം നേടിയിരുന്നു.

Top