After Wani’s death, Hizbul Mujahideen appoints new Kashmir commander

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നിരോധിത സംഘടനയുടെ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ മുസാഫര്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെ മെഹ്മ്മുദ് ഘസ്‌നാവിയെ പുതിയ കമാന്‍ഡറായി നിയമിച്ചു.

ജമ്മുകശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് വാനി കൊല്ലപ്പെട്ടത്. തുടര്‍ന്നാണ് പുതിയ നേതാവിനെ നിശ്ചയിച്ചതെന്ന് ഹിസ്ബുള്‍ നേതാവ് സെയ്ദ് സലാലുദ്ദീന്‍ പറഞ്ഞു.

വാനിയുടെ ത്യാഗം പാഴാകാന്‍ അനുവദിക്കില്ലെന്നും ദൗത്യം തങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ചൊവ്വാഴ്ച പാക് അധിനിവേശ കശ്മീരില്‍ ചേര്‍ന്ന കമാന്‍ഡ് കൗണ്‍സിലില്‍ സലാലുദ്ദീന്‍ പറഞ്ഞു.

ബുധനാഴ്ച പി.ഒ.കെയില്‍ ചേരുന്ന ഹിസ്ബുള്‍ സമ്മേളനത്തില്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലും ഓള്‍ പാര്‍ട്ടീസ് ഹൂറിയത്ത് കോണ്‍ഫറന്‍സും പങ്കെടുക്കുമെന്നും സലാലുദ്ദീന്‍ പറഞ്ഞു.

അതേസമയം, വാനിയുടെ വധത്തില്‍ പ്രതിഷേധിച്ച കശ്മീര്‍ താഴ്‌വരയില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി.

കുല്‍ഗാമിലെ ധമാല്‍ ഹഞ്ജിയില്‍ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് 70ഓളം തോക്കുകള്‍ തട്ടിയെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് ആയുധങ്ങളാണ് തട്ടിയെടുത്തത്.

ചൊവ്വാഴ്ച്ച നാല് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് തോക്കുകള്‍ തട്ടിയെടുക്കാനുള്ള ശ്രമം വിഫലമായിരുന്നു. പ്രതിഷേധക്കാര്‍ തോക്കുകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെറുത്ത് നില്‍പ്പ് നടത്തി.

സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ തുടരുകയാണ്.ഇവിടെ സുരക്ഷാസേനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.

Top