കാത്തിരിപ്പിനൊടുവില്‍ ‘ഗോള്‍ഡി’ന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

രാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഗോള്‍ഡ്’. ‘പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ‘ഗോള്‍ഡി’ന്റെ പ്രത്യേകത. ‘ഗോള്‍ഡ്’ ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം മാറ്റിവയ്‍ക്കുകയായിരുന്നു. എന്തായാലും കാത്തിരിപ്പിന് ഒടുവില്‍ ‘ഗോള്‍ഡി’ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ലിസ്റ്റിൻ സ്റ്റീഫനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രസകരമായ ഒരു കുറിപ്പോടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്. സിനിമ റിലീസ് ചെയ്യാനും ഇപ്പോൾ ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയറ്ററുകളിൽ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ എന്നുമാണ് ലിസ്റ്റിൻ സ്റ്റീഫൻ എഴുതിയിരിക്കുന്നത്.

പൃഥ്വിരാജ് ആണ് ‘ഗോള്‍ഡി’ലെ നായകൻ. ചിത്രത്തില്‍ നായികയായി നയൻതാരയും എത്തുന്നു. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം.

Top