അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാകിസ്താനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണ

ത്ത് ദിവസം നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാകിസ്താനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണ. ദിവസങ്ങള്‍ നീണ്ട തീവ്ര ചര്‍ച്ചകള്‍ക്ക് പിന്നാലെ സഖ്യ സര്‍ക്കാര്‍ രുപീകരിക്കുമെന്ന് രണ്ട് പ്രധാന പാര്‍ട്ടികള്‍ അറിയിച്ചു. ഭൂട്ടോ സര്‍ദാരിയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസും (പിഎംഎല്‍-എന്‍) തമ്മിലാണ് ധാരണയായത്. അര്‍ധരാത്രി ഫെഡറല്‍ തലസ്ഥാനത്തെ സര്‍ദാരി ഹൗസില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഈ മാസം എട്ടിനാണ് പാകിസ്താനില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഫലം പുറത്തുവന്നതോടെ ആര്‍ക്കും ഭൂരിപക്ഷം ഇല്ലായിരുന്നു. പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫിന്റെ (പിടിഐ) പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ കൂടുതല്‍ സീറ്റ് നേടിയതോടെ രാജ്യത്ത് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടന്ന 266 സീറ്റുകളില്‍ 93 എണ്ണവും പിടിഐ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രരാണ് നേടിയത്.രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച്, ഫെബ്രുവരി 29-നകം പാര്‍ലമെന്റ് സമ്മേളനം വിളിക്കണം. അതിനുശേഷം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കും.

79 സീറ്റുകളുള്ള പിഎംഎല്‍-എന്‍ ആണ് ഏറ്റവും വലിയ കക്ഷി, 54 സീറ്റുകളുമായി പിപിപി രണ്ടാമതാണ്. മറ്റ് നാല് ചെറിയ പാര്‍ട്ടികള്‍ക്കൊപ്പം 264 സീറ്റുകളോടെ ഇവര്‍ക്ക് നിയമസഭയില്‍ മികച്ച ഭൂരിപക്ഷം ഉണ്ട്. എത്രയും വേഗം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടികള്‍ ശ്രമിക്കുമെന്ന് ഭൂട്ടോ സര്‍ദാരി വ്യക്തമാക്കിയിട്ടുണ്ട്. 2022ല്‍ ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി അധികാരത്തിലേറിയ സഖ്യത്തില്‍ ഇരുപാര്‍ട്ടികളുമുണ്ടായിരുന്നു.പിഎംഎല്‍-എന്നിനും പിപിപിക്കും ഫെഡറല്‍ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ മതിയായ സീറ്റുകള്‍ ഉണ്ടെന്നും മറ്റ് ചെറിയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നും നവാസ് ഷെരീഫിന്റെ ഇളയ സഹോദരന്‍ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. നാഷണല്‍ അസംബ്ലി സ്പീക്കര്‍, സെനറ്റ് ചെയര്‍മാന്‍ സ്ഥാനങ്ങളെക്കുറിച്ച് തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും എന്നാല്‍ അവയുടെ പ്രഖ്യാപനം പിന്നീടുള്ള ഘട്ടത്തില്‍ ഉണ്ടാകുമെന്നും പിപിപി മേധാവി പറഞ്ഞു.പിഎംഎല്‍-എന്‍ പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം ചെയ്യുമെന്ന് ബിലാവല്‍ ഭൂട്ടോ-സര്‍ദാരി വ്യക്തമാക്കി. പിപിപി നേതാവ് ആസിഫ് അലി സര്‍ദാരി രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സംയുക്ത സ്ഥാനാര്‍ഥിയാകും.

Top